Advertisment

ശബരിമല തീർത്ഥാടനം പടി വാതുക്കൽ ; മുന്നൊരുക്ക നടപടികൾ അവതാളത്തിലെന്ന് ഭക്തജനങ്ങളും അഖില ഭാരത അയ്യപ്പ സേവാ സംഘവും നാട്ടുകാരും ആരോപിച്ചു

New Update
22

പൊൻകുന്നം : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം 17 ന് തുടങ്ങുവാനിരിക്കെ എരുമേലി മുതൽ പമ്പ വരെയുള്ള മുന്നൊരുക്കത്തിൽ യാതൊരു നടപടിയും പൂർത്തിയായിട്ടില്ലെന്ന് തീർത്ഥാടകരും ഭക്തജനങ്ങളും അഖില ഭാരത അയ്യപ്പ സേവാ സംഘവും നാട്ടുകാരും ആരോപിച്ചു.

Advertisment

വരാൻ പോകുന്ന മണ്ഡല-മകരവിളക്ക് നാളുകളിൽ, തീർത്ഥാടകരുടെ ബാഹുല്യം ഉണ്ടാകുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെട്ട മുന്നൊരു ക്കയോഗങ്ങളിൽ ബന്ധ പ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥന്മാർക്ക് കൊടുത്ത നിർദ്ദേശങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.

നിരന്തരമായി അപകടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശബരിപാതയിലെ കണമല അട്ടിവളവിൽ അപകടങ്ങൾ ഒഴിവാക്കുവാൻ ബദൽ ക്രമീകരണം ഏർപ്പെടുത്തുവാൻ വേണ്ട യാതൊരു നടപടിയും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.  ഏഴുകോടി രൂപാ ചിലവഴിച്ച എരുത്വാപ്പുഴ മുതൽ കണമല വരെയുള സമാന്തര പാത കുണ്ടും കുഴിയും കാടുകളും കയറി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.  ആധൂനിക രീതിയിലുള്ള വഴി വിളക്കുകൾ, ഹൈ മാറ്റ്സ് - മിനി മാറ്റ്സ് ലൈറ്റുകൾ പ്രവർത്തന രഹിതമാണ്.   ദിശാ ബോർഡുകളും , മുന്നറിയിപ്പു ബോർഡുകളും മങ്ങിയ നിലയിലാണ്.

റോഡുകളുടെ സ്ഥിതി ഏറെപരിതാപകരമാണ്. എരുമേലി മുതൽ പമ്പ വരെയുള്ള ശബരിപാതയുടെ ഇരുവശങ്ങളിലുള്ള നടപ്പാതകൾ കാടു പലങ്ങൾ  കയറി ജീർണ്ണാവസ്ഥയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ നാമമാത്രമായി മാത്രമാണ് കാടു വെട്ടി തെളിച്ചത്. എരുമേലി ഗ്രാമ പഞ്ചായത്തിലൂടെയുള്ള ബൈപാസ് റോഡുകൾ മണൽ കുമ്പാരങ്ങൾ നിറഞ്ഞ് കുണ്ടും കുഴിയുമായ് ദുർഘടാവസ്ഥയിലാണ്.

എരുമേലിയിലെ കരിങ്കല്ലുംമൂഴി റോഡിലെ കയറ്റം ഒഴിവാക്കി സമാന്തരപാത നിർമ്മിക്കുമെന്ന പ്രഖ്യാപനവും,  പൊതുപ്രവർത്തകൻ  ബിനു നിരപ്പേൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതുവഴി അനുവദിച്ചസൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി   പ്രഖ്യാപനവും കടലാസ്സിൽ  കുരുങ്ങിക്കിടക്കുന്നു.  ഏറെ കൊട്ടിഘോഷിച്ച വലിയ അമ്പലത്തിനു സമീപത്തേ ഗസ്റ്റ് ഹൗസും പിൽഗ്രിമിനേജ് സെന്ററുകളും പണിതീരാത്ത വസ്ഥയിലാണ്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്  തീർത്ഥാടന കാലം കഴിയുന്നതുവരെ  ശബരിമലയുടെ നിയന്ത്രണം ദേവസ്വം വകുപ്പുമന്ത്രി സ്വയം ഏറ്റെടുത്ത് തീർത്ഥാടകരുടേയും ഭക്തജനങ്ങളുടേയും ആശങ്ക അകറ്റണമെന്ന് നാട്ടുകാരും അഖില ഭാരത അയ്യപ്പ സേവാ സംഘവും ആവശ്യപ്പെട്ടു.

Advertisment