Advertisment

നിക്ഷേപത്തുക പലിശയും പിഴയും അടക്കം തിരികെ നൽകാൻ സഹകരണ ബാങ്കിനോടാവശ്യപ്പെട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

New Update
G

കോട്ടയം: കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകിയില്ല എന്ന പരാതിയിൽ 2,86,543/ രൂപയും പലിശയും നഷ്ടപരിഹാരമായി 10,000/- രൂപയും നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം മേവള്ളൂർ സ്വദേശി കെ. സഞ്ജയ് കുമാർ നൽകിയ പരാതിയിലാണ് കമ്മിഷൻ നടപടി.

Advertisment

കോട്ടയം വെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകാത്തതിനെ തുടർന്ന് സഞ്ജയ് കുമാർ നൽകിയ പരാതിയിൽ 2020 സെപ്തംബർ മുതൽ എല്ലാ മാസവും 10,000/- രൂപ വീതം നിക്ഷേപത്തുക തീരുന്നതുവരെ പരാതിക്കാരന്റെ അക്കൗണ്ടിൽ നിക്ഷേക്കണമെന്ന് വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ 2020 സെപ്റ്റംബറിൽ ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാതെ വന്നതോടെ സഞ്ജയ് കുമാർ സഹകരണ ഓംബുഡ്സ്മാനെ സമീപിച്ചു.

2022 മേയ് മുതൽ എല്ലാമാസവും അഞ്ചാം തിയതിക്കകം 10,000/- രൂപ വീതവും നിക്ഷേപ കുടിശികയായ 1,09,352/- രൂപ ഒരുമാസത്തിനുള്ളിലും നൽകണമെന്നും സഹകരണ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.ഇതു പാലിക്കാതെ വന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വിദ്യാഭ്യാസവായ്പ എടുക്കേണ്ടിവന്ന സഞ്ജയ്കുമാർ കോട്ടയം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി.

നിക്ഷേപകർ ആവശ്യപ്പെടുന്ന സമയത്ത് നിക്ഷേപത്തുക പലിശ ഉൾപ്പടെ തിരികെ നൽകേണ്ടത് ബാങ്കുകളുടെ ബാധ്യതയാണ്. നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്ന ന്യായം പറഞ്ഞ് നിക്ഷേപതുക തിരികെ നൽകാതിരുന്നത് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ സേവനന്യുനതയാണെന്ന് കമ്മീഷൻ കണ്ടെത്തി.

പരാതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപതുകയായ 2,86,543/ രൂപ സഹകരണ ബാങ്കിന്റെ പലിശ നിരക്കിൽ നൽകാനും 10,000/ രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതിച്ചെലവും പരാതിക്കാരന് നൽകണമെന്നു വി.എസ്. മനുലാൽ പ്രസിഡന്റും. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

Advertisment