വൈക്കം:- ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ ട്രെയിൻ കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒക്ടോബർ 24ന് സർവീസ് നടത്തും.എസ് ആർ എം പി ആർ ഗ്ലോബൽ റെയ്ൽവേയുടെ കൊല്ലത്ത് നിന്നും അജ്മീർ ദർഗയിലേക്കുള്ള യാത്ര ഒക്ടോബർ 24 ന് ആരംഭിക്കും. കോട്ടയം ജില്ലയിൽ കോട്ടയം, വൈക്കം റോഡ് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കയറാവുന്നതും ഇറങ്ങാവുന്നതുമാണ്. ആറു ദിവസത്തെ യാത്രക്ക് ശേഷം ഒക്ടോബർ 29 ന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കോട്ടയം എറണാകുളം മെയിൻ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഐലൻഡ് പ്ലാറ്റ്ഫോമുകൾ അടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ളതുമായ സ്റ്റേഷൻ ആണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ. വൈക്കത്തിന് പുറമെ കൂത്താട്ടുകുളം, പാലാ, ഈരാറ്റുപേട്ട, കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, കടുത്തുരുത്തി, തലയോലപ്പറമ്പ് എന്നീ നഗരങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും പരിഗണിച്ചാണ് ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
450 പേരെ ഉൾകൊള്ളുന്ന യാത്രയിൽ ദക്ഷിണേന്ത്യൻ ഭക്ഷണം, താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനുള്ള വാഹന സൗകര്യം, മലയാളി ടൂർ മാനേജർ, കോച്ച് സെക്യൂരിറ്റി, ട്രാവൽ ഇൻഷുറൻസ് എല്ലാം ഉൾപ്പെടും. സ്ലീപ്പർ, തേർഡ് എ സി,സെക്കൻ്റ് എ സി, പാൻട്രി കാർ കോച്ചുകളുണ്ട്. നോൺ എ സി സ്ലീപ്പർ ക്ലാസിൽ 14000 രൂപയും തേർഡ് എ സി സ്ലീപ്പർ ക്ലാസിൽ 19000 രൂപയും സെക്കൻ്റ് എ സി സ്ലീപ്പർ ക്ലാസിൽ 21000 രൂപയുമാണ് നിരക്കുകൾ. പ്രത്യേക ഇളവുകളോട് കൂടിയ ഗ്രൂപ്പ് ബുക്കിങ് സൗകര്യവും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 7736182977, 8921131047 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.