Advertisment

കേരളത്തിലെ  ആദ്യത്തെ “ ലൈഫ് ബോട്ട് ഡിജിറ്റൽ മെഡിക്കൽ യൂണിറ്റ്” അവതരിപ്പിച്ച് കാരിത്താസ് ആശുപത്രി

New Update
99

കോട്ടയം: നാളുകളായി തിരുവാർപ്പ് ഗ്രാമപഞ്ചാത്തുൾപ്പെടയുള്ള കായലോര പ്രദേശങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് കൃത്യ സമയത്ത് ലഭിക്കേണ്ട ആരോഗ്യ പരിരക്ഷയുടെ അഭാവം.  യാത്ര സൗകര്യങ്ങളുടെ അപര്യാപ്തതയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികളുടെ അഭാവവും ഇതിന്  ആക്കം കൂട്ടുന്നു. ഇതിനു പരിഹാരമായി തിരുവാർപ്പ് പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് കേരളത്തിലെ തന്നെ ആദ്യത്തെ  “ ലൈഫ് ബോട്ട് ഡിജിറ്റൽ മെഡിക്കൽ യൂണിറ്റ്” അവതരിപ്പിച്ചിരിക്കുകയാണ് തെള്ളകം  കാരിത്താസ് ഹോസ്പിറ്റൽ .  

Advertisment

തുരുത്ത്‌  പ്രദേശങ്ങളിൽ ചികിത്സാ സൗകര്യങ്ങളുമായി ആളുകളുടെ അരികിലേക്ക് എത്തുന്ന കാരിത്താസ് ലൈഫ് ബോട്ടിന്റെ ഉദ്ഘാടനം കേരള സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ഒരു പ്രദേശത്തിന്റെ വലിയൊരു ആവശ്യമാണ്  കാരിത്താസ് പൂർത്തിയാക്കിയത് എന്നും വിവിധ അവസരങ്ങളിൽ ജില്ലയിലെ പല പ്രദേശങ്ങളിലും അടിയന്തര ആവശ്യങ്ങൾ ഉടലെടുക്കുമ്പോൾ അവിടെ താങ്ങാവുന്ന കാരിത്താസിന്റെ സേവന സന്നദ്ധതയും സമൂഹത്തോടുള്ള   പ്രതിബദ്ധതയും മാതൃകാപരമാണെന്നും കാരിത്താസിന്റെ "കൂട്ടിക്കലിന് കൂട്ടായി" മുതലായ പദ്ധതികളെ അനുസ്മരിച്ചുകൊണ്ട്  വി.എൻ വാസവൻ പറഞ്ഞു.

  തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് സേവനങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്ന നിരവധി ആളുകൾക്ക്  കാരിത്താസ്  നൽകുന്ന ഈ സേവനത്തിന്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജയൻ കെ മേനോൻ കൃതജ്ഞത രേഖപ്പെടുത്തി. കാരിത്താസിന്റെ ഇത്തരത്തിലെ സാമൂഹ്യ സേവനങ്ങൾ തുടരുമെന്നും എല്ലാ തട്ടിലുമുള്ള ആളുകളിലേക്ക്‌ ഇറങ്ങി ചെന്ന്  ആരോഗ്യ പരിരക്ഷ ഏവർക്കും ഒരുപോലെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുമെന്നും അനുഗ്രഹ പ്രഭാഷണത്തിൽ കോട്ടയം അതിരൂപത അധ്യക്ഷനും കാരിത്താസ്  രക്ഷധികാരിയുമായ മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.

 കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ബിനു കുന്നത്ത്‌, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ എം എം ബിന്നു , വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, കാരിത്താസ് ആശുപത്രി ജോയിൻ ഡയറക്ടർ ഫാ. ജോയ്‌സ് നന്ദിക്കുന്നേൽ,, ഫാ ജിസ്മോൻ മഠത്തിൽ ഡോ അജിത്ത് വേണുഗോപാൽ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇതിനോട് അനുബന്ധിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി ആളുകളാണ് പങ്കെടുത്തത്

തിരുവാർപ്പിന്റെ   'പുതു ലൈഫ്' ബോട്ട് ; കേരളത്തിന് ഒരു കാരിത്താസ് മോഡൽ  

കായലോര പ്രദേശത്തോടു ചേർന്നുകിടക്കുന്ന തിരുവാർപ്പ് പഞ്ചായത്തിന്റെ ഭാഗയമായുള്ള നിരവധി തുരുത്തുകളാണ് അടിയന്തര സാഹചര്യത്തിൽ ചികിത്സ സൗകര്യങ്ങളുടെ അഭാവം മൂലം ക്ലേശത്തിലായിരിക്കുന്നത് .

 പഞ്ചത്തിലെ 13-)൦ വാർഡിൽ മാത്രം 150 ഓളം കിടപ്പു രോഗികൾ യഥാസമയം ചികിത്സ കിട്ടാതെ വിഷമിക്കുന്നു എന്നത് സാഹചര്യത്തിന്റെ ഗൗരവും തുറന്നുകാട്ടുന്നതാണ്. ഈ പ്രത്യക സാഹചര്യത്തിൽ കാരിത്താസിന്റെ 'ലൈഫ് ബോട്ട്' പദ്ധതി നാടിനു തന്നെ വലിയൊരു ആശ്വാസമാവുകയാണ്.  

വാഹന സൗകര്യമുൾപ്പെടെ കുറവുള്ള  പഞ്ചായത്തിലെ വിവിധ തുരുത്തുകളിൽ ആഴ്ചയിൽ ഒരു  ദിവസം  തിരുവാർപ്പ് പഞ്ചായത്തിന്റെ സഹായത്തോടുകൂടി ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഈ പദ്ധതി വഴി കാലങ്ങളായുള്ള പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത് .

 ഡോക്ടർ കൺസൾട്ടേഷൻ , മരുന്നുകൾ ഉൾപ്പെടെ ലഭ്യമാകുന്ന കേരളത്തിലെ ആദ്യത്തെ ബോട്ട് ഡിജിറ്റൽ യൂണിറ്റ് മറ്റു ആശുപത്രികൾക്ക് മാതൃകയാക്കാവുന്ന ആരോഗ്യ രംഗത്തെ മറ്റൊരു വിപ്ലവത്തിനാണ് തുടക്കം കുറിക്കുന്നത്.

Advertisment