'ഒരു തൈനടാം'ജനകീയ കാമ്പയിൻ. ജില്ലയിൽ ഏഴരലക്ഷംവൃക്ഷതൈകൾനടും

സ്‌കൂൾ വിദ്യാർഥികൾ, കുടുംബശ്രീ, തൊഴിലുറപ്പുതൊഴിലാളികൾ, ഹരിതകർമസേന, അധ്യാപക, സർവീസ് സംഘടനകൾ, സന്നദ്ധസംഘടനകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ തൈകൾ തയാറാക്കലും നടീലും നടത്തും. 

New Update
image(62) ORUTHAI NADAM

കോട്ടയം: ഹരിത കേരളംമിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരുതൈനടാം' ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഏഴരലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കും. 

Advertisment

നാലുമാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുകോടി വൃക്ഷതൈകൾ നടും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.  


ജില്ലയിൽ സാമൂഹ്യവനവൽക്കരണവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ ഒന്നരലക്ഷം വീതം തൈകൾ തയാറാക്കും. 


ഓരോ തദ്ദേശ സ്വയംഭരണവാർഡിൽനിന്നും കുറഞ്ഞത് 350 തൈകൾ ജനകീയ ഇടപെടലിലൂടെ പ്രാദേശികമായി തയാറാക്കും.

സ്‌കൂൾ വിദ്യാർഥികൾ, കുടുംബശ്രീ, തൊഴിലുറപ്പുതൊഴിലാളികൾ, ഹരിതകർമസേന, അധ്യാപക, സർവീസ് സംഘടനകൾ, സന്നദ്ധസംഘടനകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ തൈകൾ തയാറാക്കലും നടീലും നടത്തും. 


തൈകൾ വളർച്ച എത്തുംവരെ പരിചരണം ഉറപ്പാക്കാൻ പ്രാദേശികമായി പരിചരണ സമിതികൾ രൂപീകരിക്കും.


ജൂൺ അഞ്ചിനു ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലും. സ്‌കൂൾ വിദ്യാർഥികൾ തങ്ങളുടെ കൂട്ടുകാർക്കു വൃക്ഷത്തൈകൾ പരസ്പരം കൈമാറുന്ന 'ചങ്ങാതിക്കൊരുമരം' പരിപാടി ജൂൺ 25നു നടത്തും. 

ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികളെ ഈപരിപാടിയിൽ പങ്കാളികളാക്കി രണ്ട് ലക്ഷം വൃക്ഷ തൈകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടും.


ഒരു തൈനടാം കാമ്പയനുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കും.


വൃക്ഷത്തൈ തയാറാക്കൽ, കൈമാറൽ, നടീൽ, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടു കുട്ടി നടത്തിയ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി പരിസ്ഥിതി സംരക്ഷണം ഉൾക്കൊള്ളുന്നതാകണം റീൽസ്. 

പരമാവധി ദൈർഘ്യം 45 സെക്കന്റ്. മികച്ച റീൽസിനു ക്യാഷ്അവാർഡും പ്രശസ്തിപത്രവും നൽകും.


കാലാവധി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനപ്രതിനിധികൾ കാമ്പയിന്റെ ഭാഗമായി തങ്ങളുടെ സേവനകാലത്തിന്റെ സ്മരണ നിലനിർത്താൻ പ്രതിനിധാനം ചെയ്ത വാർഡിലെ പൊതുസ്ഥലങ്ങളിൽ മൂന്നു വൃക്ഷതൈകൾ വീതംവെച്ച് പിടിപ്പിക്കും. 


ജനപ്രതിനിധിയുടെ പേര്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വഹിച്ച ചുമതല, കാലയളവ് എന്നിവ ഉൾപ്പെടുത്തി അടയാളഫലകം സ്ഥാപിക്കും.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗംചേർന്നു. 

ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി ജോർജ്, രാജു ജോൺ, അജിത രതീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ അനുപമ, അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് എസ് ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലെൻസി തോമസ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. കൺസർവേറ്റർ കെ.ബി. സുഭാഷ്, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, നവ കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ  എൻ.എസ്. ഷൈൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാകോർഡിനേറ്റർ തോംസൺ ഡേവിഡ്, ജീവനക്കാരുടെ സംഘടനാപ്രതിനിധികളായ സജിനി കുമാരി, വി.വി വിമൽകുമാർ, ജെ. ജോബിൻസൺ എന്നിവർ പ്രസംഗിച്ചു.

Advertisment