ക്ഷീര സമൃദ്ധിയിലേക്ക് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരവര്‍ധനി റിവോള്‍വിങ് ഫണ്ട് പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 10ന് നിര്‍വഹിക്കും

New Update
images(979) ai cow farm

കോട്ടയം: ക്ഷീര കാര്‍ഷികരംഗത്ത്  പുതിയൊരു അധ്യായം കുറിച്ച് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്.

Advertisment

ക്ഷീരോല്‍പാദന മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ക്ഷീര വര്‍ദ്ധിനി റിവോള്‍വിങ് ഫണ്ട്' പദ്ധതിക്ക് തുടക്കമാവുന്നു.


പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 


ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന 27 ക്ഷീരസംഘങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 14 സംഘങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കുകയും ലഭിച്ച തുക സംഘത്തിലുള്ള അഞ്ച് ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിനായി പലിശരഹിത വായ്പയായി 40,000 രൂപ വീതം വിതരണം ചെയ്യുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.വി. കണ്ണന്‍ പറഞ്ഞു. 


പാല്‍ വിറ്റുകിട്ടുന്ന തുകയില്‍നിന്ന് 40,000 രൂപ കര്‍ഷകന് ക്ഷീരസംഘത്തിന്  തിരിച്ചടച്ച് ആ തുക ആറാമത്തെ ക്ഷീരകര്‍ഷകന് കൊടുക്കുന്നതിലൂടെ റിവോള്‍വിങ് ഫണ്ട് സംഘത്തിലുള്ള ക്ഷീര കര്‍ഷകര്‍ക്കെല്ലാം ഗുണം ചെയ്യുന്നു. 


പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 14 ക്ഷീര സംഘങ്ങളിലുമായി 70ഓളം പശുക്കളെ വാങ്ങാനാവും എന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും നിലവിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാവാനും ക്ഷീരവര്‍ധനി പദ്ധതിക്കാവും എന്ന് ളാക്കാട്ടൂര്‍ ക്ഷീരസംഘം പ്രസിഡന്റ് ജോയ്‌മോന്‍ വാക്കയില്‍ പറഞ്ഞു.


പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 10ന്  രാവിലെ 10.30ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ബെറ്റി റോയ് മണിയങ്ങാട്ട് നിര്‍വഹിക്കും. 


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Advertisment