/sathyam/media/media_files/2025/08/30/kottayam-post-office-2025-08-30-01-42-50.jpg)
കോട്ടയം: ലാബ് പരിശോധനയ്ക്കു സാമ്പിളുകൾ പോസ്റ്റ് ഓഫീസ് വഴി അയക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കം. നവകേരള കർമപദ്ധതിയുടെ ഭാഗമായിട്ടാണ് 'ഹബ് ആൻഡ് സ്‌പോക്ക് സാംപിൾ ട്രാൻസ്‌പോർട്ട്' രീതി നടപ്പാക്കുന്നത്.
കുടുംബാരോഗ്യകേന്ദ്രത്തിൽ ചെയ്യാനാവാത്ത പരിശോധനകൾ പ്രാഥമിക ഹബ്ബായ ബ്ലോക്ക് പൊതുജനാരോഗ്യ ലാബ്, സെക്കൻഡറി ഹബ്ബായ താലൂക്ക് /ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് അയക്കും.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30ന് പോസ്റ്റ് ഓഫീസിൽനിന്നു ജീവനക്കാർവന്നു സാമ്പിൾ ശേഖരിക്കും. ഇ ഹെൽത്ത് സോഫ്റ്റ് വേർ വഴിയാണ് പരിശോധനകൾ രേഖപ്പെടുത്തുന്നത്.
യു.എച്ച്.ഐ.ഡി. ഉള്ളവർക്ക് മൊബൈലിൽ ഫലം ലഭിക്കും.ആദ്യ സാമ്പിൾ മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നു കൈമാറി.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക, മെഡിക്കൽ ഓഫീസർ ഡോ. ജോസ്മി ഡാനിയേൽ, കീഴ്പ്രയാർ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് മാനേജർ എസ്. അതുൽ എസ്, എന്നിവർ പങ്കെടുത്തു.