/sathyam/media/media_files/2025/05/09/GJCNbz9Kc2WxB995vHMy.jpg)
കോട്ടയം: സംസ്ഥാനത്തെ തിരക്കേറിയ പാതകളില്‍ ഒന്നായ എം.സി. റോഡ് തകര്‍ന്നു വന്‍ ഗര്‍ത്തം. രാത്രി, പകല്‍ ഭേദമില്ലാതെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന എം.സി. റോഡില്‍ അപകടക്കെണിയായി ഗര്‍ത്തം രൂപപ്പെട്ടിട്ടു മൂന്നാഴ്ചയിലേറെയായെങ്കിലും റോഡ് നന്നാക്കാന്‍ നടപടിയില്ല. റോഡില്‍ അപകട മുന്നറിയിപ്പായി ടാര്‍ വീപ്പകള്‍ നിരത്തിയത് മാത്രമാണ് ഇതുവരെ ഉണ്ടായ ഏക നടപടി.
എം.സി. റോഡില്‍ ചൂട്ടുവേലിയ്ക്കു സമീപമാണു വഴിയില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് ഇടിഞ്ഞു താഴാനുള്ള സാധ്യതയേറെ. റോഡിവെള്ളം ഒഴുകുന്നതിനായി രൂപപ്പെടുത്തിയ ഭാഗത്തെ മണ്ണിടിഞ്ഞു താഴ്ന്നതാണു കുഴി രൂപപ്പെടാന്‍ കാരണം.
ഏറെ ഭാഗത്തെ മണ്ണ് താഴ്ന്നതിനാല്‍ റോഡ് കൂടുതല്‍ ഭാഗം ഇടിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. നിലവില്‍, റോഡിന്റെ പാതി ഭാഗത്തോളം ഇടിഞ്ഞു താണ അവസ്ഥയിലാണ്. രാത്രിയിലോ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോഴോ കുടുതല്‍ ഭാഗം ഇടിഞ്ഞു താഴുമോയെന്ന ആശങ്ക വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കുമുണ്ട്.
രാത്രിയില്‍, വലിയ ടോറസ് ലോറികള്‍, തടിലോറികള്‍ എന്നിവയും രാത്രിയില്‍ ഇടതടവില്ലാതെ ഇതുവഴി കടന്നുപോകാറുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന കുലുക്കം പോലും റോഡിന്റെ തകര്‍ച്ചയെ ബാധിക്കും. കുഴി നികത്തിയോ, കോണ്‍ക്രീറ്റ് ചെയ്‌തോ അപകട സാധ്യത ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഏതാനും വര്‍ഷം മുമ്പാണ് എം.സി. റോഡ് ആധുനിക രീതിയില്‍ നവീകരിച്ചത്. പല സ്ഥലങ്ങളിലും ടാറിങ്ങ് തകര്‍ന്നിരുന്നുവെങ്കിലും ഇത്തരത്തില്‍ കുഴി രൂപപ്പെടുന്നത് ഇതാദ്യമാണ്