/sathyam/media/media_files/2025/05/03/tMqtqLHHviHiOIK1LUtF.jpg)
കോട്ടയം: കോട്ടയം നാഗമ്പടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണു പേവിഷബാധ സ്ഥിരീകരിച്ചത്. നയകടിയേറ്റ പതിനൊന്നുപേരും പ്രാഥമിക ശ്രുശ്രൂഷകള്‍ എടുത്തു വീട്ടില്‍ വിശ്രമിക്കുകയാണ്. നായക്കു പേവിഷബാധയുണ്ടെന്ന കാര്യം കൂടുതല്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് നാഗമ്പടത്ത് വിവിധ പ്രദേശങ്ങളിലായി നായ ആക്രമം അഴിച്ചുവിട്ടത്. തുടര്‍ന്നു പിടികൂടിയ നായയെ കോടിമത എ.ബി.സി. സെന്ററില്‍ നീരിക്ഷണത്തിലാക്കിയിരുന്നു. ഇന്നലെ വൈകിട്ടോടെ പേ വിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു നായ ചത്തിരുന്നു. പോസ്റ്റമോര്‍ട്ടത്തില്‍ പേ വിഷ ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ളവ ശക്തമാക്കേണ്ടിവരും. നായ കടിയേറ്റവര്‍ കുത്തിവെപ്പു മുടങ്ങാതെ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
നാലു വയസുകാരന്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണു ബുധനാഴ്ച കടിയേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. ഇവരില്‍ ഒരാളുടെ വിരല്‍ ഉള്‍പ്പെടെ നായ കടിച്ചു മുറിച്ചിരുന്നു. ആക്രമണം നടത്തിയതു തെരുവുനായ അല്ലെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. ആരോ വളര്‍ത്തിയിരുന്ന നായയെ ഏതാനും ദിവസം മുമ്പ് ഇവിടെ ഉപേക്ഷിച്ചതാണത്രേ.
എന്നാല്‍, നാഗമ്പടത്തെ മറ്റു തെരുവുനായകള്‍ക്കും പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് വേണ ആവശ്യം ശക്തമാണ്.