/sathyam/media/media_files/50ISdsHlYrPml0fFG9Qn.jpg)
കോട്ടയം: കോട്ടയത്ത് അടുത്ത രണ്ടു ദിവസം ഇടിമിന്നലോടുകൂടിയ മഴ വരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് മഴയ്‌ക്കൊപ്പമുണ്ടാകുന്ന ഇടിമിന്നല്‍ ജില്ലയില്‍ വ്യാപക നാശം സൃഷ്ടിച്ചിരുന്നു. മാനത്തു കാര്‍മേഘങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ജനങ്ങൾ മുന്‍കരുതല്‍ നടപടി സ്വീകരിക്കേണ്ടതാണ്.
ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുന്നാകും ഉചിതം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്തു തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്തു ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കൊണ്ടു കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്തു വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്കു ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്തു വാഹനത്തിനകത്തു തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്തു നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നതു വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്തു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
അതേസമയം, ശക്തമായ ചൂടിനു ശേഷം മഴ വരുന്നില്‍ ആരോഗ്യവകുപ്പും ആശങ്കയിലാണ്. വൈറൽ പനിയും ഡെങ്കി പനിയുമെല്ലാം വ്യാപിക്കാന്‍ കാലാവസ്ഥാ മാറ്റം കാരണമാകുമെന്ന ആശങ്കയുണ്ട്. നിലവില്‍ പനിബാധിതര്‍ കാരണം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കകള്‍ ഒഴിവില്ലാത്ത അവസ്ഥയുണ്ട്. അധികമായി അഡ്മിറ്റ് ചെയ്യുന്നവരെ നിലത്തും മറ്റുമാണു കിടത്തുന്നത്. മറ്റാളുകള്‍ ഡിസ്ചാര്‍ജാകുന്നമുറയ്ക്കാണ് ഇവര്‍ക്കു ബെഡ് ലഭിക്കുന്നത്.