കോഴിക്കോട് സിവിൽ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കും; ജില്ലാ കലക്ടർ ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു

വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ തുടരുകയും മലബാർ ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ച് സിവിൽ സ്റ്റേഷനിലെ ഗാലറികളിലും മറ്റും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതോടെ 'ക്ലീൻ ആൻഡ് ഗ്രീൻ' ലക്ഷ്യം പൂർത്തീകരണത്തിലെത്തും. 

New Update
r_1755155248

കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിങ് തുടക്കമിട്ടു. 

Advertisment

കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം തൊഴിലാളികളും എൻഎസ്എസ് വളണ്ടിയർമാരും കലക്ടറേറ്റിലെ ഇന്റേൺഷിപ്പ് വിദ്യാർഥികളും ആർജിഎസ്എ കോഓഡിനേറ്റർമാരും ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമെല്ലാം കലക്ടർക്കൊപ്പം ഒന്നിച്ചിറങ്ങിയതോടെ ശുചീകരണം അതിവേഗത്തിലായി. 


വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ തുടരുകയും മലബാർ ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ച് സിവിൽ സ്റ്റേഷനിലെ ഗാലറികളിലും മറ്റും ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതോടെ 'ക്ലീൻ ആൻഡ് ഗ്രീൻ' ലക്ഷ്യം പൂർത്തീകരണത്തിലെത്തും. 


തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി, ഹർ ഘർ തിരംഗ ഹർ ഘർ സ്വച്ഛത ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് മെഗാ ക്ലീനിങ്ങിന് തുടക്കമായത്. 

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കോർപ്പറേഷന്റെ അഴക് പദ്ധതിയുമായി സഹകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.


ശേഖരിക്കുന്ന മാലിന്യങ്ങൾ കോർപ്പറേഷന് കൈമാറി സംസ്‌കരിക്കും. ഓഫീസുകളിലെ ഇ-മാലിന്യം ശുചിത്വ മിഷന്റെയും കോർപ്പറേഷന്റെയും സഹായത്തോടെ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. 


സിവിൽ സ്റ്റേഷനും പരിസരവും വൃത്തിയോടെ സൂക്ഷിക്കാൻ എല്ലാ ജീവനക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. 

എഡിഎം പി സുരേഷ്, ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ ഇ ടി രാകേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ രാരാ രാജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, എൻഎസ്എസ് ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ്, എച്ച്.എസ് സി പി മണി, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ഡെയ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisment