തൊടുപുഴ : നയാപൈസ ഡി എ ഇല്ലാത്ത ഞങ്ങൾക്കും ജീവിക്കണം. ഡി എ കുടിശ്ശിക അനുവദിക്കുക എന്നാവശ്യപ്പെട്ട് 2025 ആഗസ്റ്റ് 20ന് നടത്തുന്ന കെ എസ് ആർ ടി സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സെക്രട്ടേറിയേറ്റ് മാർച്ചിന് മുന്നോടിയായി ഇടുക്കി ജില്ലാ നയവിശദീകരണ യോഗവും തൊടുപുഴ ഡിപ്പോയിൽ കെ എസ് ടി എംപ്ലോയീസ് സംഘ് (BMS) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ S. അജയകുമാർ ഉത്ഘാടനം ചെയ്തു.
"ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനുകൂല്യനിഷേധങ്ങൾ അനുഭവിക്കുന്ന ഒരു തൊഴിലാളി സമൂഹമാണ് കെഎസ്ആർടിസിയിലേത്. ഇടതും വലതും മാറിമാറി ഭരിച്ചു കെഎസ്ആർടിസിയെ നയവൈകല്യങ്ങളും അഴിമതിയും കൊണ്ട് തച്ചു തകർത്തു. രണ്ടരവർഷം മാത്രം ജോലി ചെയ്യുന്ന മന്ത്രിമാരുടെ പി എ മാർക്ക് മുഴുവൻ ഡി എ യും ആനുകൂല്യങ്ങളും നൽകുന്നു.
ആജീവനാന്ത പെൻഷനും മരണശേഷം കുടുംബ പെൻഷനും അനുവദിക്കുന്നു. കെഎസ്ആർടിസിയിൽ 30-35 വർഷം ജോലി ചെയ്താൽ ഡി എ യോ ആനുകൂല്യങ്ങളോ നൽകാതെ പീഡിപ്പിക്കുന്നു. പെൻഷൻ ആയാൽ കൃത്യമായി പെൻഷൻ പോലും നൽകാതെ നരകിപ്പിക്കുന്നു. തൊഴിൽ പീഡനങ്ങളിൽ അഭിരമിക്കുന്ന ഒരു മാടമ്പി സർക്കാരാണ് കേരളം ഭരിക്കുന്നത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിൽ തൊഴിലാളികളുടെ ഐക്യത്തോടെയുള്ള പ്രതിഷേധ സമരങ്ങൾക്കു മാത്രമേ സർക്കാരിനെ നേരായ വഴിക്ക് നയിക്കാൻ കഴിയൂ." - അജയകുമാർ പറഞ്ഞു.
ജില്ലാ വർക്കിങ് പ്രസിഡന്റ് കെ എസ്ജ യകുമാർ അധ്യക്ഷനയായ യോഗത്തിന് ജില്ലാ സെക്രട്ടറി എൻ ആർ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു .ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് എ പി സഞ്ജു, KSTES സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് അരവിന്ദ്, ജില്ലാ ജോയിന്റ് സെക്രട്ടറി .പി വി രാജേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി എ വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി.