കുറവിലങ്ങാട്: ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രത്തിൽ മോഷണശ്രമം പരാജയപ്പെട്ടപ്പോൾ പ്രകോപനമുണ്ടാക്കി ലഹളക്ക് ശ്രമം നടത്തിയ പ്രതി മരങ്ങാട്ടു പിള്ളി പൊലീസിന്റെ പിടിയിൽ.
ഇലയ്ക്കാട് വരിക്കാൻതടത്തിൽ വീട്ടിൽ ജോഷി (41) ആണ് മരങ്ങാട്ടുപിള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രി 12:45 മണിയോടെ ചുറ്റുമതിൽ ചാടിക്കടന്ന് പ്രതി ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ അതിക്രമിച്ച് കടന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പ്രതിക്ക് ക്ഷേത്രത്തിൻ്റെ മുതലുകൾ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് എത്തിച്ചേരുവാനൊ, മോഷണം നടത്തുവാനോ സാധിച്ചിരുന്നില്ല.
മോഷണശ്രമം പരാജയപ്പെട്ടതിനു പിന്നാലെ പ്രതി ശ്രീകോവിലിന്റെ ഭാഗത്തേക്ക് ഒരു കൊന്ത എടുത്ത് വലിച്ചെറിയുകയായിരുന്നു. ഉച്ചയോടു വീണ്ടും പ്രതി എത്തി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ കൊന്ത എറിയുകയും ചെയ്തു.
പ്രദേശത്ത് മതവികാരം വ്രണപ്പെടുത്തി സമാധാന അന്തരീക്ഷം തകർക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പ്രഥമിക വിവരം.
മരങ്ങാട്ട്പള്ളി പോലീസ് പ്രതിയായ ജോഷിയെ അറസ്റ്റ് ചെയ്‌ത് കാഞ്ഞിരപ്പള്ളി ജെ എഫ് എം സി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.