തദ്ദേശതെരഞ്ഞെടുപ്പ്: വോട്ടർ ബോധവൽക്കരണത്തിനായി ലീപ് -കേരള

New Update
LEEP KERALA

കോട്ടയം: 2025ലെ തദ്ദേശപൊതുതെരഞ്ഞെടുപ്പിന് വേണ്ടി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവൽക്കരണപരിപാടിയുമായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർമാർക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ടർപട്ടിക പുതുക്കലുൾപ്പെടെയുള്ള തദ്ദേശതെരഞ്ഞെടുപ്പു പ്രക്രിയകളിൽ  അവബോധമുണ്ടാക്കുകയാണ്  ലീപ്-കേരള (Localbody Election Awareness Programme-Kerala) എന്ന ബോധവൽക്കരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

Advertisment

ഇതാദ്യമായാണ് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ ബോധവൽക്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് വേണ്ടി ജില്ലാ കളക്ടർ അദ്ധ്യക്ഷനായി ജില്ലാതലസമിതികൾ രൂപീകരിച്ചു കഴിഞ്ഞു. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ കൺവീനർ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്.


വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന്റെ നടപടിക്രമങ്ങൾ, ലോക്‌സഭ, നിയമസഭതിരഞ്ഞെടുപ്പും വോട്ടർപട്ടികയുമായി തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടർപട്ടികയ്ക്കുമുള്ള വ്യത്യാസങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യാപകമായ പ്രചാരണമാണ് ലീപ്-കേരളയിലൂടെ ലക്ഷ്യമിടുന്നത്. കോളേജ് വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെ പരമാവധി വോട്ടർപട്ടികയിൽ ചേർക്കുകയാണ് ലീപ്-കേരളയുടെ ലക്ഷ്യം.
ലീപ് -കേരളയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്കും മാധ്യമപ്രവർത്തകർക്കുമായി ഏകദിന ശിൽപശാല സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു .

പത്രക്കുറിപ്പുകൾക്കു പുറമേ, സമൂഹമാധ്യമങ്ങളിലൂടെ ലഘുവീഡിയോകൾ, റീലുകൾ, പോസ്റ്ററുകൾ, ചോദ്യോത്തരപംക്തി എന്നിവ വോട്ടർബോധവൽക്കരണത്തിനായി പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.

അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, വോട്ടർപട്ടികയിൽ ഉൾപ്പെട്ട മുഴുവൻപേരും വോട്ടു ചെയ്യുക എന്നതാണ് കമ്മിഷന്റെ ലക്ഷ്യം. വോട്ടിനായി പേരു ചേർത്തിടാം, നാടിനായി വോട്ടു ചെയ്തിടാം എന്നതാണ് ലീപ്-കേരളയുടെ മുദ്രാവാക്യം. ലീപ്-കേരള പ്രചാരണപരിപാടിക്കായി ആകർഷകമായ ലോഗോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment