കായംകുളം: രാഷ്ട്രീയ-മത-ജാതി ചിന്തകൾക്ക് അതീതമായി നാടിൻറെ വികസനത്തിനും, നവകേരള സൃഷ്ടിപ്പിനും, കുടുംബ കൂട്ടായ്മകൾ യത്നിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ ഹക്കീം പറഞ്ഞു.
ദേശീയതലത്തിൽ ചിന്തിക്കുകയും, പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് വലിയ മുന്നേററങ്ങൾ ഉണ്ടാക്കാനാവും. ആരോഗ്യവും, വിദ്യാഭ്യാസവും, സമ്പന്നമാക്കിയ കേരള മോഡൽ മറ്റ് അടിസ്ഥാന മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാൻ അയൽക്കൂട്ടങ്ങൾക്കും സൗഹൃദ സദസുകൾക്കും സന്നദ്ധ സംഘടനകൾക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടിൻ്റെ നല്ല നാളേക്കുവേണ്ടി മക്കളെ ഉത്തമ പൂരന്മാരാക്കി വളർത്തിവിടുന്ന രക്ഷാകർത്താക്കളെ ആദരിക്കാനും വേദികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഗോവിന്ദ മുട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സേഫ് ആൻ്റ് കെയർ സ്നേഹ കൂട്ടായ്മ എല്ലാമാസവും നടത്തി വരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ ഭാഗമായായി കഴിഞ്ഞ ,പത്തു,പന്ത്രണ്ട്, ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ആദരിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു ഹക്കിം.
ചടങ്ങിൽ സേഫ് & കെയർ ട്രസ്റ്റ് പ്രസിഡൻറ് കെ എസ് ശിവരാമൻ അധ്യക്ഷത വഹിച്ചു. മുൻ എംപ്ലോയ്മെൻറ് ഓഫീസർ പി.എസ് നൗഷാദ് ആമുഖപ്രസംഗം നടത്തി.
കൊല്ലം ജില്ലാ ജഡ്ജി, ഉദയകുമാർ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ ക്യാമ്പിന് ഡോക്ടർ വിഷ്ണു നേതൃത്വം നൽകി. സാഹതം വർക്കിംഗ് പ്രസിഡൻ്റ് ജയകുമാർ സ്വാഗതം പറഞ്ഞു ' വനിതാ വിഭാഗം പ്രസിഡൻ്റ് ഡോക്ടർ രശ്മി നന്ദി പറഞ്ഞു.