കേരളാ ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഒപി ബഹിഷ്കരണം; നവംബർ 5ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒപി മുടങ്ങും

author-image
കെ. നാസര്‍
New Update
alappuzha medical college

ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ.) ജൂലൈ 1 മുതൽ പ്രതിഷേധത്തിലാണ്. എന്നാൽ ഇതുവരെയും പരിഹാര നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

Advertisment

നിലവിൽ റിലേ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒ.പി. ബഹിഷ്കരിക്കുകയാണ്. ഒക്ടോബർ 28-ന് നടത്തിയ ഒ.പി. ബഹിഷ്കരണത്തിനു ശേഷവും പ്രശ്നപരിഹാരത്തിനോ ചർച്ചകൾക്കോ സർക്കാർ തയ്യാറായിട്ടില്ല.

ഈ സാഹചര്യത്തിൽ നവംബർ 5 നു മെഡിക്കൽ കോളജ് അധ്യാപകർ ഒ.പി ബഹിഷ്ക്കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ ആലപ്പുഴ ഘടകം പ്രസിഡണ്ട് ഡോ. സജയ് പി. എസ്സും സെക്രട്ടറി ഡോ. ജംഷാദ്. പി യും അറിയിച്ചു. 

അതേ ദിവസം വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു. തുടങ്ങിയ അടിയന്തിര ചികിത്സകളേയും വാർഡു പരിശോധനയേയും ബുധനാഴ്ചത്തെ ബഹിഷ്ക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

വർഷങ്ങളായി തുടരുന്ന പ്രതിഷേധ പരിപാടികളും നിവേദനങ്ങളും ഫലം കാണാത്തതിനാലാണ് ഒ.പി. ബഹിഷ്കരിക്കാൻ സംഘടന നിർബന്ധിതമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബുധനാഴ്ച ഒ.പി.യിൽ വരുന്നത് പൊതുജനം ഒഴിവാക്കണമെന്ന് ഭാരവാഹികൾ  അഭ്യർത്ഥിച്ചു.

സംഘടനയുടെ പ്രധാന ആവശ്യങ്ങൾ:

 * എൻട്രി കേഡർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് പി.എസ്.സി. നിയമനങ്ങൾ ഊർജിതപ്പെടുത്തുക.
 * ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക.
 * അനവസരത്തിലുള്ള താൽക്കാലിക സ്ഥലമാറ്റങ്ങൾ നടത്തി എൻ.എം.സി.യുടെ കണ്ണിൽ പൊടിയിടാതെ സ്ഥിരം നിയമനങ്ങൾ നടത്തുക.
 * രോഗികളുടെ എണ്ണത്തിന്റെയും ചികിത്സാ രീതികളുടെയും അനുപാതികമായി ഡോക്ടർമാരുടെ തസ്തികകളുടെ എണ്ണം വർധിപ്പിക്കുക.
 * മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.

 അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഡോ സജയും , ഡോ ജംഷീദും  അറിയിച്ചു.

Advertisment