/sathyam/media/media_files/2025/11/07/arthunkal-harber-2025-11-07-16-27-02.jpg)
അര്‍ത്തുങ്കല്‍: 2027 സെപ്റ്റംബറിൽ അർത്തുങ്കൽ ഹാർബർ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അർത്തുങ്കൽ ഫിഷിംഗ് ഹാർബർ മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം ഹാർബറിന് സമീപം നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമാണ് ഇവിടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. 2021ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇത്തരത്തിൽ അടിയന്തരമായി ഏറ്റെടുക്കേണ്ട ഹാർബറുകളെക്കുറിച്ചുള്ള ചർച്ചയാണ് ആദ്യം നടത്തിയത്.
വലിയ കടൽത്തീരമുള്ള ജില്ലയായ ആലപ്പുഴയ്ക്ക് ഹാർബറുകൾ കുറവാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഹാർബർ മേഖലയുടെ വികസനത്തിനുവേണ്ടി സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/07/arthunkal-harber-2-2025-11-07-16-27-18.jpg)
അതിന്റെ ഭാഗമായി നാല് ഹാർബറുകളാണ് ഈ സർക്കാരിന്റെ കാലത്ത് ജില്ലയ്ക്കായി അനുവദിച്ചത്. ചെത്തി ഹാർബറിന്റെ നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്. ഹരിപ്പാട് വലിയഴിക്കൽ ഫിഷ് ലാൻഡിങ് സെന്ററിനെ ഹാർബറാക്കി ഉയർത്തി.
അർത്തുങ്കൽ ഹാർബർ നിർമ്മാണവും തോട്ടപ്പള്ളി ഹാർബർ നിർമ്മാണ നടപടികളും പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 27 ഓളം ഹാർബറുകളുടെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത്രയും ഹാർബറുകൾ നവീകരിച്ച ഒരു കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. അർത്തുങ്കൽ ഹാർബർ നിർമ്മാണത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും സാമ്പത്തിക, നിയമ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി കടമ്പകൾ കടന്നാണ് ഇവിടം വരെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ നിന്നും സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രിമാർ ചേർന്നു നിർവഹിച്ചു.
എഫ്ഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 150.73 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭ്യമായിട്ടുള്ളത്. ഇതിൽ 740 മീറ്റർ തെക്കേ പുലിമുട്ട്, 190 മീറ്റർ വടക്കേ പുലിമുട്ട്, വാർഫ്, ലേല ഹാൾ, കയറ്റിറക്ക് ഏരിയ, ലോക്കർ മുറി, ശുചിമുറി ബ്ലോക്ക്, ഐസ് പ്ലാന്റ്, അപ്രോച്ച് റോഡ്, ഓവർ ഹെഡ് വാട്ടർ ടാങ്ക്, കോമ്പൗണ്ട് വാൾ, ഗേറ്റ്, ഗേറ്റ് ഹൗസ് തുടങ്ങിയവയും മറ്റ് അനുബന്ധ പ്രവൃത്തികളും ഉൾപ്പെടും.
ചടങ്ങിൽ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ഇൻ ചാർജ് വി കെ ലോട്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ് പത്മം, അർത്തുങ്കൽ ബസലിക്ക റെക്ടർ ഫാ.യേശുദാസ്, മത്സ്യ ബോർഡ് അംഗം ടി എസ് രാജേഷ്, തീരദേശ വികസന കോർപ്പറേഷൻ മെമ്പർ പി ഐ ഹാരിസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us