പദ്ധതികളുടെ നടത്തിപ്പിൽ സാങ്കേതിക കാലതാമസം ഉണ്ടാകരുത്: കെസി വേണുഗോപാൽ എംപി; പ്രാദേശിക വികസന പദ്ധതി പുരോഗതി വിലയിരുത്തി

New Update
alappuzha district planning committee

ആലപ്പുഴ: മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും ചില പദ്ധതികളുടെ നടത്തിപ്പിൽ സാങ്കേതികമായി ഉണ്ടായേക്കാവുന്ന കാലതാമസത്തിന് ഇടവരുത്തരുതെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. 

Advertisment

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ കെ സി വേണുഗോപാൽ എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ദേശിച്ച പ്രവൃത്തികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.


പ്രാദേശിക വികസന പദ്ധതി പ്രകാരം മണ്ഡലത്തിൽ 1709.02 ലക്ഷത്തിന്റെ 150 പ്രവൃത്തികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ 87 വിവിധ പ്രവൃത്തികൾക്കായി 854.80 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിനോടകം നൽകിയിട്ടുണ്ട്. 


ഇതിൽ ആറ് അങ്കണവാടി കെട്ടിടങ്ങൾ, 33 ഹൈമാസ്റ്റ് ലൈറ്റുകൾ, വിവിധ ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണം, കുടിവെള്ള പദ്ധതി, പട്ടികജാതി പട്ടികവർഗ്ഗ മേഖലയ്ക്കായി വിവിധ റോഡുകൾ എന്നിവ ഉൾപ്പെടുന്നു. 28 പദ്ധതികൾ പൂർത്തീകരിച്ചു. 

പട്ടികജാതി, വർഗ്ഗ മേഖലയിലെ പ്രവർത്തികൾ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ട് വിലയിരുത്തണമെന്ന് എം പി നിർദേശിച്ചു. പരിഹാരം കാണാൻ പറ്റുന്ന കാര്യങ്ങൾ വേഗം പരിഹരിക്കണം. 


സ്ഥലലഭ്യത കുറവ് പ്രവൃത്തി നിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തിയ എം.പി തടസരഹിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, റവന്യു വകുപ്പും നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. 


കൂടാതെ നിർവഹണ സാധ്യതയില്ലാത്ത പ്രവൃത്തികൾ കാലതാമസ്സം കൂടാതെ റദ്ദ് ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു. 

യോഗത്തിൽ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. പി മിനി നാരായണൻ, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Advertisment