2026 കേരള ബഡ്ജറ്റ്: നന്ദികേടിന്റെ മകുടോദാഹരണം - കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍

author-image
കെ. നാസര്‍
New Update
kgmcta-2

ആലപ്പുഴ: ഈ സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ, നിരവധി പ്രീണന പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരെ മാത്രം പൂർണ്ണമായി അവഗണിച്ചത് കടുത്ത വിശ്വാസവഞ്ചനയും ഗുരുതരമായ അനീതിയുമാണ്.

Advertisment

രണ്ടായിരത്തി പതിനാറ് മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏകദേശം നാല് വർഷം വൈകിയാണ് രണ്ടായിരത്തി ഇരുപത് ഒക്ടോബർ മാസത്തിൽ കഴിഞ്ഞ സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. പ്രസ്തുത  ഉത്തരവിൽ ഉൾപ്പെട്ടിരുന്ന നിരവധി ഗുരുതര പാകപ്പിഴകൾ അന്നേരം തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്. 

നാലേമുക്കാൽ വർഷത്തെ ശമ്പള കുടിശ്ശിക നൽകാത്തത്, പ്രവേശന തസ്തികയായ അസിസ്റ്റന്റ് പ്രൊഫസർ ശമ്പളം കുറച്ചത്, ആദ്യ പ്രമോഷനായ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള സേവനകാലാവധി എട്ട് വർഷമായി വർദ്ധിപ്പിച്ചത്, എന്നിവയായിരുന്നു പ്രധാന അപാകതകൾ.

പ്രസ്തുത ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് 2021ൽ കെജിഎംസിടിഎ സമരം ആരംഭിക്കുകയും, തുടർന്ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ 2016 മുതലുള്ള ശമ്പളകുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയുണ്ടായി.

തുടർന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്കും മെഡിക്കൽ കോളേജ് ഡോക്ടർമാർക്കും നാല് ഗഡുക്കളായി ശമ്പള കുടിശ്ശിക അനുവദിചുകൊണ്ടുള്ള സർക്കാർ ഉത്തരവ്, 2021ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുറത്തിറക്കുകയുണ്ടായി.

നിലവിൽ ഭരണത്തിലുണ്ടായിരുന്ന മുന്നണി തന്നെ തുടർഭരണം നേടിയിട്ടും സാമ്പത്തിക പരാധീനത ചൂണ്ടികാണിച്ച് പ്രസ്തുത സർക്കാർ ഉത്തരവ് ഇപ്പോഴത്തെ സർക്കാർ മരവിപ്പിക്കുകയുണ്ടായി. 

എന്നാൽ 2025ൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഈ കുടിശ്ശിക വീണ്ടും അനുവദിച്ച് പ്രാബല്യത്തിൽ വരുത്തിയപ്പോൾ, മെഡിക്കൽ കോളേജ് ഡോക്ടർമാരെ നിഷ്കരുണം ഒഴിവാക്കുകയായിരുന്നു.

രണ്ടായിരത്തി പതിനെട്ടിലും പത്തൊമ്പതിലും ഉണ്ടായ മഹാപ്രളയങ്ങൾ, അതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ നിർണായക രോഗപ്രതിരോധ പ്രവർത്തനങ്ങൾ, നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികളിൽ ലോകം തന്നെ പകച്ചുനിന്ന ഘട്ടങ്ങളിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ജീവൻ പണയം വെച്ച് നടത്തിയ അനന്യമായ സേവനങ്ങൾ ഇവയെല്ലാം 2016 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലാണ് എന്നത് വിസ്മരിക്കപ്പെടരുത്. 

ഈ കാലയളവിൽ ഞങ്ങൾക്ക് ലഭിക്കേണ്ട വളരെ ന്യായമായ ഏറ്റവും ചുരുങ്ങിയ അവകാശമാണ് നിഷേധിക്കപ്പെടുന്നത് എന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.

കോവിഡ് മഹാമാരിക്കാലത്ത് കാറ്റഗറി–3 വിഭാഗത്തിൽപ്പെട്ട, അത്യന്തം ഗുരുതരാവസ്ഥയിലുള്ളതും നിരന്തര പരിചരണം ആവശ്യവുമായ രോഗികളെയാണ് നമ്മുടെ മെഡിക്കൽ കോളേജുകളിൽ ചികിത്സിച്ചിരുന്നത്. തത്ഫലമായി, വികസിത യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറഞ്ഞ കോവിഡ് മരണനിരക്ക് കൈവരിക്കാൻ സംസ്ഥാനത്തിന് സാധ്യമായി.

2021 ഏപ്രിൽ മെയ് മാസങ്ങളിൽ അന്നത്തെ സർക്കാർ ഒരു കാവൽ സർക്കാരായി മാത്രം തുടരുന്ന അവസരത്തിലാണ് കോവിഡിന്റെ ഏറ്റവും ഭീകരമായ രണ്ടാം തരംഗം ആഞ്ഞു വീശിയത്. 

ആ സമയത്ത് കേരളത്തിലെ മെഡിക്കൽ കോളേജുകൾ ലോകത്തിലെ തന്നെ ഏറ്റവും അധികം രോഗികളെ ഒരേസമയം (തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം 1400 ൽ പരം കിടക്കകൾ കോവിഡ് കാറ്റഗറി 3 രോഗികൾക്ക് മാറ്റിവെച്ചിരുന്നു) ചികിത്സിച്ച സ്ഥാപനങ്ങളായിരുന്നു. 

2016 - 2021 കാലയളവിൽ ഉണ്ടായ ദുരന്തങ്ങളും മഹാമാരികളും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും വിശിഷ്യ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെയും കഠിനമായ പ്രയത്നത്തിന്റെയും ത്യാഗത്തിന്റെയും കൂടെ പശ്ചാത്തലത്തിൽ ഫലപ്രദമായ ക്രൈസിസ് മാനേജ്മെൻറ് നടത്തുന്ന സർക്കാർ എന്നത് മുഖവിലക്കെടുത്താണ് തുടർഭരണം ലഭ്യമായത് എന്ന് മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്തെങ്കിലും ഓർക്കേണ്ടതാണെന്ന് കെജിഎം സിടിഎ വിനീതമായി അഭ്യർത്ഥിക്കുന്നു.

2021-ൽ ചുമതലയേറ്റ ഇപ്പോഴത്തെ സർക്കാർ കഴിഞ്ഞ സർക്കാർ നൽകിയ ഉറപ്പുകൾ നാളിതുവരെയും വേണ്ട രീതിയിൽ പരിഗണിക്കുകയോ പരിഹരിക്കാനുള്ള ഇടപെടലുകളോ നടത്തിയിട്ടില്ല. 

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ബഡ്ജറ്റ് ഡോക്ടർമാർ നിരന്തരം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ ഒന്നും പരിഗണിച്ചിട്ടില്ല എന്നതിനാൽ അവഗണയുടെ തുടർക്കഥയായി മാറിയിരിക്കുകയാണ്. 

മറ്റു വിഭാഗം ജീവനക്കാർക്ക് കൃത്യസമയത്ത് തന്നെ ശമ്പള പരിഷ്കരണങ്ങൾ നടപ്പിലാക്കുകയും കുടിശിക ഉൾപ്പെടെ നൽകുകയും ചെയ്യുന്ന സാഹചര്യത്തിലും മെഡിക്കൽ കോളേജ് ഡോക്ടർമാരോട് ഉപകാരസ്മരണ ഇല്ലാതെ കറിവേപ്പിലയുടെ സ്ഥാനം പോലും നൽകി പരിഗണിക്കാതിരിക്കുന്നതിൽ സർക്കാരിന് സ്വയം ഈർഷ്യ അനുഭവപ്പെടാത്തത് അത്ഭുതം ഉളവാക്കുന്നു. 

മെഡിക്കൽ കോളേജ് ഡോക്ടർമാർ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുന്ന വലിയൊരു വോട്ട് ബാങ്ക് അല്ല എന്ന വിലയിരുത്തൽ ആവാം ഈ നന്ദികേടിന് പിന്നിലെ പ്രധാന കാരണം. 

പക്ഷേ ജനലക്ഷങ്ങളുടെ വോട്ടിന്മേൽ സ്വാധീനം ചെലുത്തുവാൻ മഹാമാരികളുടെയും പ്രളയത്തിന്റെയും കാലയളവിൽ ഇതേ ഡോക്ടർമാർ സർക്കാരിന്  നേടിക്കൊടുത്ത പ്രശസ്തി കാരണമായി എന്നത് വിസ്മരിക്കാൻ പാടില്ല.

ഡോക്ടർമാർ രാപ്പകൽ ഉറക്കമില്ലാതെ സ്വന്തം ആരോഗ്യവും ജീവനും അപകടത്തിൽ ആക്കി കൊണ്ടുപോലും പോരാടിയത് പൊതു സമൂഹത്തിനു വേണ്ടിയായിരുന്നു എന്നതിനാൽ ഇത് ചോദ്യം ചെയ്യേണ്ടത് പൊതുസമൂഹം തന്നെയാണ്. 

ഇതിൽ മാധ്യമങ്ങൾക്കും പ്രധാന പങ്കുവഹിക്കേണ്ടത് ഉണ്ട് എന്നത് സാമാന്യനീതി മാത്രമാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ബഡ്ജറ്റിൽ പോലും ഡോക്ടർമാരുടെ ആവശ്യങ്ങൾ ഒന്നും പരിഗണിച്ചിട്ടില്ല എന്നതിനാൽ ഡോക്ടർമാർ നേടിക്കൊടുത്ത പ്രശസ്തിയുടേയും കൂടെ പേരിൽ കേരളത്തിൽ ആദ്യമായി തുടർ ഭരണത്തോടെ അധികാരത്തിൽ വന്ന സർക്കാരിൻറെ അവസാനത്തെ ബഡ്ജറ്റ് കേരളം കണ്ട ഏറ്റവും നന്ദികെട്ട ബഡ്ജറ്റ് എന്ന വിശേഷണം അർഹിക്കുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുവാൻ ഉത്തരവിറക്കുകയും അധികാരത്തിൽ വന്നശേഷം അത് നീട്ടി വയ്ക്കുകയും അവസാന ബഡ്ജറ്റിൽ പോലും ഉൾപ്പെടുത്താതിരിക്കുകയും ചെയ്തതിനാൽ വഞ്ചനയുടെ നിറം കൂടി പേറുന്ന ബഡ്ജറ്റ് ആണിത്.  

മറ്റു പല രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് മഹാമാരിയുടെ സമയത്ത് ഡോക്ടർമാർക്ക് അധിക സാമ്പത്തിക അനുകൂല്യങ്ങൾ പ്രത്യേകമായി അനുവദിച്ചിരുന്നു. അവിടുത്തെ ഭരണകർത്താക്കൾ അഭിമാനത്തോടെ ചെയ്ത പ്രവർത്തിയാണ് അത്. 

ഇവിടെ അങ്ങനെയൊന്നും ഇല്ലായിരുന്നിട്ട് കൂടി ഈ സാഹചര്യത്തിൽ ജനങ്ങളെയും രാജ്യത്തെയും  രക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന ഉത്തരവാദിത്വബോധത്തോട് കൂടി പൊതുജന സേവനാർത്ഥം ഊണും ഉറക്കവുമില്ലാതെ സ്വജീവൻ തൃണവത്ഗണിച്ച് പ്രയത്നിച്ച ഡോക്ടർമാർക്ക് അതൊന്നുമില്ലാതെ തന്നെ അവർ മറ്റേതൊരു ജീവനക്കാരെയും പോലെ സ്വാഭാവികമായി അർഹതപ്പെട്ടിരുന്ന ശമ്പളപരിഷ്കരണത്തിന്റെ കുടിശിക പോലും നൽകാത്തത് അനീതിയുടെ മകുടോദാഹരണമാണ്. 

മറ്റു ഗവൺമെൻറ് ജീവനക്കാർ ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീട്ടിലിരുന്നപ്പോൾ ആണ് ഡോക്ടർമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതെന്നും, എങ്കിൽപോലും ഗവൺമെൻറ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണ്ണമായി നൽകുവാൻ തീരുമാനിച്ചിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരെ അവഗണിച്ചു എന്നതും ശ്രദ്ധേയമാണ്.       

2016 മുതൽ ഉള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് ഇതുവരെ നൽകിയിട്ടില്ലാത്തതെന്നും, 2016ലെ തന്നെ ശമ്പളപരിഷ്കരണത്തിലെ അപാകതയാണ് ഇതുവരെ പരിഹരിച്ചിട്ടില്ലാത്തതെന്നും ഉള്ളത് കൂടുതൽ പ്രസക്തമാകുന്നത് 2026 ആയതോടുകൂടി പത്തുവർഷം കൂടുമ്പോഴുള്ള അടുത്ത ശമ്പളപരിഷ്കരണത്തിന് ഇപ്പോൾ തന്നെ അർഹതയായി കഴിഞ്ഞു എന്നതുകൂടി പരിഗണിക്കുമ്പോഴാണ്. 

മെഡിക്കൽ കോളജുകളുടെ സമഗ്ര  വികസനത്തിനായി ഈ ബഡ്ജറ്റിൽ പര്യാപ്തമായ ഒരു കാഴ്ചപ്പാട് ഇല്ലെന്നതും രോഗി ബാഹുല്യത്തിന് അനുസരിച്ച് ആവശ്യമുള്ളത്ര ഡോക്ടർ തസ്തികകൾ സൃഷ്ടിച്ച് രോഗിപരിചരണം സുഗമമാക്കാനുള്ള കൃത്യമായ നടപടികൾ ഇല്ലെന്നതും ഖേദകരമാണ്. 

കഴിഞ്ഞ 7 മാസമായി പ്രത്യക്ഷ സമര പരിപാടികളുമായി രോഗികളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ഞങ്ങൾ മുന്നോട്ട് പോയിട്ടും ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇന്ന് പ്രഖ്യാപിച്ച ബഡ്ജറ്റിൽ കൂടി ആവർത്തിച്ച് വെളിവാക്കപ്പെട്ടിരിക്കുകയാണ്. 

ഇന്നത്തെ ബഡ്ജറ്റിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ കെജിഎം സി ടി എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കൂടുതൽ ശക്തമായ സമര പരിപാടികളിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു. 

ഇത് കേവലം ഡോക്ടർമാരുടെ മാത്രം ആവശ്യമല്ല എന്നും യോഗ്യരായ യുവ ഡോക്ടർമാർ മികച്ച സേവന വേതന വ്യവസ്ഥകളുടെ അഭാവത്തിൽ മെഡിക്കൽ കോളജുകളിൽ ചേരാതിരിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ഒക്കെ ചെയ്യുന്നതിനാൽ മെഡിക്കൽ കോളേജുകളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമായതിനാലും  പൊതുജനങ്ങളെയും കൂടി പിന്തുണ അഭ്യർത്ഥിക്കുന്നു. 

ഐ എം എ, കെ ജി എം ഓ എ, കെ ജി ഐ എം ഒ എ, പിടിഎ, ഡോക്ടേഴ്സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വിറ്റി, എന്നീ സംഘടനകളെ കൂടാതെ മെഡിക്കൽവിദ്യാർഥികളും, എസ്എഫ്ഐ, കെഎസ്‌യു എന്നീ വിദ്യാർത്ഥി സംഘടനകളും പിജി അസോസിയേഷനും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Advertisment