കായംകുളം: കായംകുളത്തിന്റെ വികസനചരിത്രത്തിന്റെ അടിസ്ഥാന പ്രമാണം എന്ന് വിശേഷിപ്പിക്കാവുന്ന 1920 -ൽ കായംകുളത്തെ പൗരസമൂഹം തിരുവിതാംകൂർ ദിവാനായിരുന്ന ബഹദൂർ മന്നത്ത് കൃഷ്ണൻനായർ കായംകുളം സന്ദർശിച്ചപ്പോൾ അന്നത്തെ പൗരസമിതി നൽകിയ കായംകുളം ചരിത്രത്തിലെ പ്രഥമ നിവേദനം പ്രാദേശിക ചരിത്രഗവേഷകൻ അഡ്വ. ഒ.ഹാരിസ് കണ്ടെടുത്തു പ്രകാശനം ചെയ്തു.
തിരുവിതാംകൂറിലെ ഗവ. പ്രസ്സിൽ അച്ചടിപ്പിച്ച ഒരു പത്ര പേജോളം വലിപ്പമുള്ള ഈ പുരാരേഖ നിവേദനത്തിൽ കായംകുളം ലോവർ ഇംഗ്ളീഷ് സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുക, ഗവ. ഡിസ്പെൻസറി ഗവ. ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുക, ബോട്ട് ജെട്ടി സ്ഥാപിക്കുക, കായംകുളം കരുനാഗപ്പള്ളി റോഡ് ഗ്രാവൽ വിരിച്ചു ഗതാഗതസൗകര്യം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ചൂണ്ടികാട്ടിയിട്ടുള്ളത്.
കായംകുളം പുള്ളിക്കണക്ക് സ്വദേശി ബംഗ്ലാവിൽ വീട്ടിൽ റെയിഞ്ചർ കെ.ജി ഫിലിപ്പിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും ചെറുമകനും ക്രൈസ്തവസഭാ ചരിത്ര ഗ്രന്ഥ രചയിതാവുമായ കെ.എം.ഫിലിപ്പാണ് ഈ പുരാരേഖ സൂക്ഷിച്ചിരുന്നത്.
കായംകുളം രാജവംശം അവസാനമായി പാർത്ത കൃഷ്ണപുരം കൊട്ടാരത്തിൽ വച്ചു നടന്ന പുരാരേഖ പ്രകാശന ചടങ്ങിൽ ചരിത്ര ഗവേഷകനും സോഷ്യൽഫോറം പ്രസിഡന്റുമായ അഡ്വ. ഒ ഹാരിസ് അദ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രശസ്ത കവിയും ഗ്രന്ഥകാരനുമായ ഡോ. ചേരാവള്ളി ശശി, ഗ്രന്ഥകാരൻ ഡോ. ശിശുപാലൻ, പത്തിയൂർ ശ്രീകുമാർ, അഡ്വ. ഇ.സമീർ, വാഹിദ് ചെങ്ങാപ്പള്ളി, ഹരികുമാർ കൊട്ടാരം, രഞ്ചൻ ജേക്കബ്, മായാ വാസുദേവ്, അരിതാബാബു, ഹക്കിം മാളിയേക്കൽ, മക്ബൂൽ മുട്ടാണിശേരി, കലേഷ് മണിമന്ദിരം, താഹ വൈദ്യൻവീട്ടിൽ, റോഷിൻ. എ.റഹ്മാൻ, അഡ്വ. പ്രഭാത് ജി കുറുപ്പ്, മുബാറക് ബേക്കർ, എൻ.ആർ അജയകുമാർ, സുനിൽകുമാർ കൃഷ്ണപുരം, തത്ത ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
ഈ അപൂർവ്വ പുരാരേഖ കൃഷ്ണപുരം മ്യുസിയത്തിന് കൈമാറുമെന്ന് പ്രാദേശിക ചരിത്രം ഗവേഷകനായ അഡ്വ. ഒ.ഹാരിസ് പറഞ്ഞു.