കായംകുളം നഗരസഭ മുപ്പത്തി രണ്ടാം വാർഡ് ഉപ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രഖ്യാപനം പൂർത്തിയായി

author-image
ഇ.എം റഷീദ്
New Update
kayamkulam municipality ward election

കായംകുളം: കായംകുളം നഗരസഭാ  മുപ്പത്തി രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ടെൻസി വിജയൻ യുഡിഎഫ് സ്ഥാനാർഥിയാകും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ അഡ്വ. ത്രിവിക്രമൻ തമ്പിയേ കോൺഗ്രസ്‌ ജില്ലാ നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു പ്രചരണം തുടങ്ങിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അഡ്വ. ത്രിവിക്രമൻ തമ്പി കഴിഞ്ഞ ദിവസം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.

Advertisment

ഇടതുപക്ഷം കഴിഞ്ഞതവണ മത്സരിച്ച സിപിഎമ്മിലെ ടി.എ നാസറിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കി. ടി.എ നാസർ ആറു വോട്ടുകൾക്കാണ് കഴിഞ്ഞപ്രാവശ്യം  എൻഡിഎ സ്ഥാനാർഥി ആയിരുന്ന അശ്വനി ദേവിനോട് പരാജയപ്പെട്ടത്. ഇക്കുറി എൻഡിഎ സ്ഥാനാർഥി സന്തോഷ്‌ കണിയാമ്പറമ്പിൽ ആണ്. 

കോൺഗ്രസ്‌ വാർഡ് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ പുതിയ വോട്ടര്‍മാരിലധികവും ഇടതു വോട്ടര്‍മാരാണ് എന്ന ഉറച്ച വിശ്വാസത്തിൽ കഴിഞ്ഞ തവണത്തെ പരാജയകാരണമായ ആറു വോട്ടുകൾ എന്നത് മറികടന്നു വൻ ഭൂരിപക്ഷം നേടി വിജയം ഉറപ്പിക്കുമെന്ന് ഇടതു കേന്ദ്രങ്ങളും അവകാശപെടുന്നു. എന്തുവന്നാലും വാർഡ് വിട്ടുകൊടുക്കില്ല എന്നതാണ് എൻഡിഎയും ലക്ഷ്യം വെക്കുന്നത്. നിലവിൽ സിപിഎം 17, സിപിഐ 3, എൽജെഡി 2, കോൺഗ്രസ്‌ 13, മുസ്ലിം ലീഗ് 3, എൻഡിഎ 3, സ്വതന്ത്രർ 3 എന്നിങ്ങനെയാണ് കക്ഷിനില. 

ബിജെപിയുടെ ആലപ്പുഴ ജില്ലയിലെ പ്രധാനപെട്ട നേതാക്കളിൽ ഒരാളായിരുന്ന അശ്വനി ദേവ്  വാഹനാപകടത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി കൌൺസിൽ യോഗങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ കിടപ്പിലായ സാഹചര്യത്തിൽ കൗൺസിൽ സ്ഥാനം അയോഗ്യനായത് കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചത്. 

കായംകുളം നഗരസഭയുടെ ചരിത്രത്തിൽ അത്യപൂർവമായാണ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്ത കാരണത്താൽ ഒരംഗത്തെ അയോഗ്യനാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

യുഡിഎഫും എൽഡിഎഫും എൻഡിഎയും ഒരുപോലെ വിജയം പ്രതീക്ഷിക്കുമ്പോൾ മത്സരം കടുക്കുമെന്ന് തന്നെയാണ് നിരീക്ഷകാരുടെ വിലയിരുത്തൽ. 

നിലവിലെ നഗരഭരണത്തിന്  ഇടതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷമുള്ളതിനാൽ മുപ്പത്തി രണ്ടാം വാർഡിൽ ഈ ഉപതിരഞ്ഞെടുപ്പിൽ  ആരു വിജയിച്ചാലും നഗരഭരണത്തെ അത് ബാധിക്കുകയില്ല.

റിപ്പോര്‍ട്ട്: നിസാർ പൊന്നാരത്ത്

Advertisment