ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി ബാല പാർലമെൻറ് സംഘടിപ്പിക്കുന്നു

author-image
കെ. നാസര്‍
New Update
bala parliament

ആലപ്പുഴ: ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകതയെക്കുറിച്ചും പാർലമെൻററി ജനാധിപത്യത്തിൻറെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്താൻ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 3 ശനിയാഴ്ച ബാല പാർലമെൻറ് സംഘടിപ്പിക്കുന്നു. 

Advertisment

ജനാധിപത്യത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ വ്യക്തിത്വ വികസനത്തിനും ഉതകുന്ന വിധമാണ് പാർലമെൻറിന്റെ നടത്തിപ്പ്. അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ഉൾപ്പെടുത്തി ഒരു യഥാർത്ഥ പാർലമെൻറിൻറ പരിഛേദമായി ഈ പരിപാടി മാറും. 

എല്ലാ വികസന പ്രവർത്തനങ്ങളിലും കുട്ടികളുടെ ആവശ്യങ്ങൾക്കും അവകാശ ങ്ങൾക്കും മുന്തിയ പരിഗണന നൽകണമെന്ന 2002-ലെ ഐക്യരാഷ്ട്ര സമിതിയുടെ ‘കുട്ടികൾക്കിണങ്ങിയ ലോകം’ ഓർമ്മപ്പെടുത്തലാണ് ബാല പാർലമെൻറ് കൊണ്ട് സമിതി ഉദ്ദേശിക്കുന്നത്. 

കുട്ടികൾ സംരക്ഷിക്കപ്പെടുകയും അവരുടെ വികസനാവശ്യ ങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യുന്ന ‘കുട്ടികൾക്കിണങ്ങിയ ഇന്ത്യ’ എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിനുള്ള പരിശ്രമമാണ് സമിതി സംഘടിപ്പിക്കുന്ന ബാല പാർലമെൻറ്.

രാജ്യത്തിൻറെ പൊതുവായ വികസന പ്രശ്നങ്ങളും നേട്ട കോട്ടങ്ങളും വിവിധങ്ങളായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളും ഒപ്പം വിദ്യാഭ്യാസം, പോഷണം, ആരോഗ്യം, സംരക്ഷണം, വിനോദം തുടങ്ങിയവയ്ക്കെല്ലാമുള്ള രാജ്യത്തെ കുട്ടികളുടെ അവകാശം എത്രത്തോളം ഉറപ്പാക്കപ്പെട്ടിട്ടുണ്ടെന്ന പരിശോധന ഈ പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഗൌരവപൂർവ്വം  പാർലമെൻറിൽ ചർച്ച ചെയ്യപ്പെടും. 

ബാലവേലയുടേയും ബാല വിവാഹത്തിൻറേയും ചൂഷണത്തിൻറെയും അനാഥത്വത്തിൻറെയും വിശപ്പിൻറെയും പീഡനങ്ങളുടേയും നിസ്സഹായരായ ഇരകളായി ഭാരതത്തിലെ കുഞ്ഞുങ്ങൾ വലിച്ചെറിയപ്പെടുമ്പോൾ തന്നെ അവരുടെ ക്ഷേമവും വികസനവും ഉറപ്പാക്കുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങളും പാർലമെൻറിൻറെ വിഷയങ്ങളാകും.

യു.പി, ഹൈസ്കൂൾ, ഹയർസെക്കൻററി തലങ്ങളിലെ 250 കുട്ടികളാണ് ജില്ലയിൽ നടക്കുന്ന പാർലമെൻറിൽ പങ്കെടുക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതി മുഖേന തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാർലമെൻറ് നേതാക്കളായി ഈ പരിപാടി നയിക്കുന്നത്.   

ഫെബ്രുവരി 3-ന് ആലപ്പുഴ എസ്.ഡി.വി സെൻട്രനറി ഹാളിൽ ബാലപാർലമെൻ്റ് 3 മണിക്ക് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു. 

ബാല പാർലമെൻറ് ഒന്നര മണിക്കൂർ നീണ്ടു നിൽക്കും. പാർലമെൻറിൻറെ തികഞ്ഞ രൂപത്തിലും ഭാവത്തിലുമായിരിക്കും പരിപാടി നടക്കുന്ന വേദി ഒരുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Advertisment