/sathyam/media/media_files/lfyobYf6QTSSzL7DOHr9.jpg)
മാവേലിക്കര: നഗര പരിസരങ്ങളിലും ചെട്ടികുളങ്ങരയിലും ആളില്ലാത്ത വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് ബെംഗളൂരു, ആസാദ് നഗറിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി, ചെറിയഴീക്കൽ, താഴ്ചയിൽ വീട്ടിൽ ചന്ദ്രബാബു മകൻ പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസ് (45) എന്നയാളാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരി മാസം മുതൽ മാവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചെട്ടികുളങ്ങരയിലും, മാവേലിക്കര നഗര പരിസരത്തും തുടർച്ചയായി വരുന്ന അവധി ദിവസങ്ങളിൽ ആളില്ലാത്ത വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം തുടർച്ചയായതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ എസ്. ബിജോയിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.
മോഷണം നടന്ന വീടുകളിൽ സി.സി.ടി.വി ഉണ്ടായിരുന്ന വീടുകളിലെ ഡി.വി.ആറിൽ നിന്നും ഹാർഡ് ഡിസ്ക്ക് മോഷ്ടാവ് അഴിച്ചെടുത്തു കൊണ്ടുപോയിരുന്നത് കാരണം സമീപ പ്രദേശങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും, സാങ്കേതിക രീതിയിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവായ പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസിനെ തിരിച്ചറിയുന്നത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രകാശ് ബാബു ബംഗളൂരുവിൽ ആണ് സ്ഥിരതാമസമാക്കിയതെന്ന് മനസ്സിലാക്കുകയും, പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിൽ എത്തി ചാമരാജ് പേട്ടിന് സമീപത്തു നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിരവധി മോഷണക്കേസുകളിലും, കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മാഹി മഞ്ചേശ്വരം, കൊല്ലം എന്നിവടങ്ങളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പ്രകാശ് ബാബു എന്ന് അറിയാൻ കഴിഞ്ഞു.
പ്രകാശ് ബാബുവിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ 2023 സെപ്റ്റംബർ മാസത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ മോചിതനായ ശേഷം ബെംഗളൂരു, ചാമരാജ്പേട്ട്, ആസാദ് നഗറിൽ താമസം തുടങ്ങി ആർഭാട ജീവിതം നയിക്കാനായി മോഷണം നടത്താൻ മധ്യകേരളത്തിലേക്ക് കടക്കുകയായിരുന്നു.
തുടർച്ചയായി വരുന്ന അവധി ദിവസങ്ങൾ നോക്കി മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം ട്രെയിനിൽ എത്തിയശേഷം, പകൽ കറങ്ങി നടന്ന് വീടുകൾ കണ്ട് വെക്കും വൈകുന്നേരം പകൽ കണ്ട് വച്ച വീടുകൾക്ക് സമീപം എത്തി ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന ശേഷം അർദ്ധരാത്രിയോടെ വീടുകളിൽ കയറി മോഷണം നടത്തും. സി.സി.ടി.വിയുള്ള വീടുകളിൽ ഹാർഡ് ഡിസ്ക് അഴിച്ചെടുത്തു കൊണ്ടുപോകും.
നേരം പുലരും മുൻപ് കയ്യിൽ കരുതിയിരിക്കുന്ന ഫോൾഡിംഗ് ട്രോളി ബാഗും ഒക്കെയായി ദൂരയാത്ര പോകുന്നത് പോലെ അടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി ബെംഗളൂരുവിന് പോകും. ചെട്ടികുളങ്ങര പ്രദേശത്തെ നിരവധി വീടുകളിലും, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ രണ്ടു വീടുകളിലും, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് ഒരു വീട്ടിലും, ഹരിപ്പാട് കവലയ്ക്ക് പടിഞ്ഞാറു രണ്ടു വീടുകളിലും മോഷണം നടത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ എസ്. ബിജോയി, എസ്.ഐ. മാരായ ഇ. നൗഷാദ്, എം. എസ്. അനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അബ്ദുൽ സമദ്, എസ്. ജവഹർ, അരുൺ ഭാസ്ക്കർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസിനെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി-1ൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രകാശ് ബാബുവിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മാവേലിക്കര പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us