തിരക്കുകള്‍ മാറ്റിവെച്ച് പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് കെ.സി വേണുഗോപാല്‍; വിവിധ ഈദ്ഗാഹുകളിലും മീനഭരണി ഉത്സവങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായി

New Update
venugopal alappuzha

ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആലപ്പുഴ പടിഞ്ഞാറെ ഷാഫി മുസ്ലീം ജമാഅത്ത് പള്ളിയില്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ വിശ്വാസികള്‍ക്കൊപ്പം സൗഹൃദം പങ്കിട്ടപ്പോള്‍

ആലപ്പുഴ: ചെറിയ പെരുന്നാള്‍ ആഘോഷനിറവില്‍ വിവിധ ഈദ്ഗാഹുകളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ബുധനാഴ്ച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കേരള നദ്‌വത്തുല്‍ മുജാഹിദ് പള്ളി സംഘടിപ്പിച്ച ഈദ്‌നമസ്‌ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം.

Advertisment

പള്ളി ഇമാം അഷ്‌റഫ് കോയ സുല്ലമി നേതൃത്വം നല്‍കിയ നമസ്‌ക്കാര ചടങ്ങില്‍ കെസിയും ഭാഗമായി. തുടര്‍ന്ന് ആലപ്പുഴ കടപ്പുറത്ത് മര്‍ക്കസ് മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തു. നൂറുകണക്കിന് വിശ്വാസികളുമായും പള്ളി ഇമാം ഫസലുദ്ദീന്‍ മൗലവിയുമായും അദ്ദേഹം സൗഹൃദം പുതുക്കി.

eed gah alappuzha

പിന്നീട് പടിഞ്ഞാറെ ഷാഫി മുസ്ലീം ജമാഅത്ത് പള്ളിയിലെത്തി വിശ്വാസികളെ കണ്ട് പെരുന്നാള്‍ ആശംസകള്‍ പരസ്പ്പരം കൈമാറി. മക്കാം മസ്ജിദിലും സന്ദര്‍ശനം നടത്തി. ഹാഷിമിയ യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിയും സമസ്ത ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.കെ. ബാദ്ഷ സഖാഫിയുമായി കെസി കൂടിക്കാഴ്ച്ച നടത്തി. വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ് ഏറെ നേരം വിശേഷങ്ങള്‍ പരസ്പ്പരം പങ്കുവെച്ചും പെരുന്നാള്‍ ആശംസകള്‍ കൈമാറിയുമാണ് ഇരുവരും പിരിഞ്ഞത്.

eed gah alappuzha-2

മീനഭരണി ഉത്സവാഘോഷങ്ങളുടെ ഭാഗമായി പാറയില്‍ ചെമ്പകശ്ശേരി ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം, ചേര്‍ത്തല കണ്ടമംഗലം ശ്രീ രാജരാജേശ്വരീ മഹാദേവീ ക്ഷേത്രം, പഴയവീട് ശ്രീ ഭഗവതീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും കെസി സന്ദര്‍ശിച്ചു. തുലാഭാരവും പറനെല്ല് കാണിക്കയായി ഭഗവതിക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വഴിപാടുകളും അദ്ദേഹം നടത്തി. കണ്ടമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളിലും സന്ദര്‍ശനം നടത്തി കെസി വോട്ടഭ്യര്‍ത്ഥിച്ചു.

Advertisment