Advertisment

കായംകുളത്തെ വിഭാഗീയത പരിഹരിക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നു. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കും. അനുനയ ശ്രമങ്ങൾക്ക് നേതാക്കൾക്ക് ചുമതല. തീരുമാനം മന്ത്രി സജി ചെറിയാൻെറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ. പാർട്ടിയെ വിവാദത്തിലാക്കിയ കത്ത് ചോർച്ചയിൽ തിരഞ്ഞെടുപ്പിന് ശേഷം നടപടി ഉണ്ടായേക്കും പ്രതികരിച്ച് വിവാദം മൂർച്ഛിപ്പിക്കേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം

ജില്ലയിലെ സി.പി.എമ്മിലെ വിഭാഗീയ ചേരി തിരിവിൽ സജി ചെറിയാനൊപ്പം നിൽക്കുന്ന നേതാവായ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്. ബാബുജാനെതിരെയാണ് ആരോപണം എന്നതിനാലാണ് അദ്ദേഹം തന്നെ പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഏരിയാ കമ്മിറ്റി അംഗത്വം ഉൾപ്പെടെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ച വനിതാ നേതാവ് കെ.എൽ.പ്രസന്ന കുമാരിയെ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് തീരുമാനം.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
saji cheriyan-3

ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് തലവേദനയായി മാറിയിരിക്കുന്ന കായംകുളത്തെ പാർട്ടിയിലെ  വിഭാഗീയപ്രശ്നങ്ങൾ പരിഹരിക്കാൻ സി.പി.എം നേതൃത്വം ഇടപെടൽ തുടങ്ങി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം സജി ചെറിയാൻെറ നേതൃത്വത്തിൽ പ്രദേശത്തുനിന്നുളള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗം ചേർന്നാണ് ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചത്.

Advertisment

ജില്ലയിലെ സി.പി.എമ്മിലെ വിഭാഗീയ ചേരി തിരിവിൽ സജി ചെറിയാനൊപ്പം നിൽക്കുന്ന നേതാവായ ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്. ബാബുജാനെതിരെയാണ് ആരോപണം എന്നതിനാലാണ് അദ്ദേഹം തന്നെ പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.ഏരിയാ കമ്മിറ്റി അംഗത്വം ഉൾപ്പെടെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ച വനിതാ നേതാവ് കെ.എൽ.പ്രസന്ന കുമാരിയെ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് തീരുമാനം.


ഇതിൻെറ ഭാഗമായി പ്രസന്ന കുമാരിയുമായി സംസാരിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റംഗം എ.മഹീന്ദ്രൻ, കായംകുളം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.അരവിന്ദാക്ഷൻ എന്നിവരെ ചുമതലപ്പെടുത്തി. പാർട്ടിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന പത്തിയൂർ പഞ്ചായത്തിൽ നിന്നുളള നേതാവായ പ്രസന്ന കുമാരിയെ പിണക്കി നിർത്തുന്നത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്ന തിരച്ചറിവിലാണ് പുതിയ ഇടപെടൽ. ഒരു വിഭാഗം സഖാക്കളുടെ മാനസിക പീഡനവും അധിക്ഷേപവും മൂലമാണ് പാർട്ടി പദവികളിൽ നിന്ന് രാജിവെയ്ക്കുന്നതെന്ന് പ്രസന്നകുമാരി രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.


ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാൻെറ നേതൃത്വത്തിലാണ് വിഭാഗീയതയെന്നും കത്തിൽ ആരോപിച്ചിരുന്നു. പ്രശ്നപരിഹാരത്തിൻെറ ഭാഗമായി പ്രസന്ന കുമാരിയുടെ മകനും ജില്ലാ പഞ്ചായത്ത് അംഗവും മുൻ ഏരിയാ കമ്മിറ്റി അംഗവുമായ ബിപിൻ.സി.ബാബുവിന് തിരഞ്ഞെടുപ്പ് ചുമതലകൾ നൽകാനും സജി ചെറിയാൻെറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്.

ബിപിൻ.സി.ബാബു വിജയിച്ച കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തേ ഏൽപ്പിക്കുക.

എന്നാൽ ബിപിൻ.സി.ബാബു സംസ്ഥാന സെക്രട്ടറിയ്ക്കും ജില്ലാ സെക്രട്ടറിയ്ക്കും അയച്ച പരാതിയും കെ.എൽ.പ്രസന്നകുമാരിയുടെ രാജിക്കത്തും മാധ്യമങ്ങൾക്ക് ചോർന്നതിൽ പാർട്ടി ജില്ലാ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കത്ത് ചോർന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണവും നടപടിയും ഉണ്ടായേക്കും.


ആര്‍എസ്എസ് പ്രവർത്തകൻ സത്യൻെറ കൊലപാതകം പാർട്ടി ആലോചിച്ച് നടത്തിയതാണെന്ന ബിപിൻ.സി.ബാബുവിൻെറ കത്തിലെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ്  കാലത്ത് സി.പി.എമ്മിന് തലവേദന ആയിരിക്കുകയാണ്. സത്യൻെറ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് വ്യക്തമാക്കുന്ന ബിപിൻെറ കത്ത് പുറത്തായതോടെ കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


ബിപിൻ സി.ബാബുവിൻെറ കത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ എന്നാണ് കൊല്ലപ്പെട്ട സത്യനെ വിശേഷിപ്പിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തകനാണ്. വസ്തുത മറച്ച് വെച്ച് കത്തിൽ സത്യനെ ആർ.എസ്.എസ് പ്രവർത്തകൻ എന്ന് പറഞ്ഞതിലും പാർട്ടി നേതൃത്വത്തിന് സംശയങ്ങളുണ്ട്.

പാർട്ടി ആലോചിച്ച് കൊല നടത്തിയെന്ന ബിപിൻെറ കത്തിലെ വെളിപ്പെടുത്തലിൽ തുടർ പ്രതികരണങ്ങൾ വേണ്ടെന്നാണ് സി.പി.എം നേതൃത്വത്തിൻെറ തീരുമാനം. കൂടുതൽ പ്രതികരണങ്ങൾ നടത്തി വിവാദം രൂക്ഷമാക്കേണ്ടെന്ന ധാരണയിലാണിത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ അദ്ദേഹവും കാര്യമായ പ്രതികരണത്തിന് മുതിർന്നില്ല. '' ഈ കാര്യം ദേശീയ രാഷ്ട്രീയ വിഷയം ഒന്നുമല്ലല്ലോ.വെറുതെ അവിടെ ഇവിടെയും നടക്കുന്ന സംഭവങ്ങളല്ലേ അതൊക്കെ.അതൊക്കെ വാർത്തയാക്കേണ്ട കാര്യമുണ്ടോ'' ഇതായിരുന്നു എം.വി.ഗോവിന്ദൻെറ മറുപടി.

കത്ത് ചോർന്നതിനെപ്പറ്റിയും തെറ്റായ പരാമർശത്തെ കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എതിർ വിഭാഗവും ജില്ലാ നേതൃത്വത്തെ സമീപിച്ചുകഴിഞ്ഞു. മാർച്ച് 26 നാണ്  ജില്ലാ പഞ്ചായത്ത് അംഗമായ ബിപിൻ സി ബാബു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തയച്ചത്. ജില്ലാ സെക്രട്ടറി ആർ.നാസറിനും കത്തിൻെറ കോപ്പി അയച്ചിരുന്നു. കത്ത് ചോർത്തിയത് ബിപിൻ സി.ബാബു അല്ലെന്നാണ് അദ്ദേഹത്തിനൊപ്പമുളളവരുടെ വാദം. എന്തായാലും വാദവും പ്രതിവാദവും അരോപണ പ്രത്യോരോപണങ്ങളും എല്ലാമായി കായംകുളത്തെ സി.പി.എം ആകെ കലുഷിതമാണ്.


തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വരെ ബാധിക്കുന്ന പ്രശ്നമായി വളരുന്ന സാഹചര്യത്തിലാണ് കായംകുളത്തെ വിഭാഗീയത പരിഹരിക്കാൻ സിപിഎം നേതൃത്വം ഇടപെട്ടത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി ബാബുവിനും അമ്മയും ഏരിയാ കമ്മിറ്റി അംഗമായ കെ.എൽ . പ്രസന്ന കുമാരിയേയും അനുനയിപ്പിച്ച് കൂടെ നിർത്താനാണ് ധാരണ.


പത്തിയൂരിലെയും കായംകുളത്തെയും ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ ഇവർക്കുണ്ട്. എതിർഭാഗത്ത് നിൽക്കുന്ന കെ.എച്ച് ബാബുജാന് അത്ര പിന്തുണ ആ മേഖലയിലില്ല. എന്നാൽ  സജി ചെറിയാൻ പക്ഷത്തെ പ്രമുഖൻ എന്ന നിലയിൽ കെ.എച്ച് ബാബുജാന് നേതൃതലത്തിൽ സ്വാധീനമുണ്ട്.

അനുനയ ശ്രമങ്ങൾക്കാണ് ധാരണയെങ്കിലും ബിപിൻ സംസ്ഥാന സെക്രട്ടറിക്ക് അയച്ച പരാതിയും പ്രസന്ന കുമാരിയുടെ രാജിക്കത്തും ചോർന്ന് മാധ്യമങ്ങളിൽ എത്തിയതിൽ അന്വേഷണം വേണമെന്ന സമ്മർദ്ദത്തിന് പിന്നിൽ ഈ സ്വാധീനമാണെന്ന് വ്യക്തമാണ്. കത്ത് ചോർന്നതിൽ അമർഷം ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോൾ നടപടി വേണ്ടന്നാണ് നേതൃതലത്തിലെ ധാരണ.

Advertisment