Advertisment

ദേശീയ നേതാവായ വേണുഗോപാലിന്‍റെ മാസ് എന്‍ട്രിയിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ആലപ്പുഴയില്‍ കച്ചമുറുക്കി മുന്നണികള്‍. കഴിഞ്ഞ തവണ കൈവിട്ട ഏക സീറ്റ് തിരിച്ചെടുക്കാൻ വേണുഗോപാല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏക കനൽ തരിയെ കൈവിടാതിരിക്കാൻ എൽഡിഎഫ്. എ-ക്ലാസ് മണ്ഡലത്തിൽ എങ്ങനെയും താമര വിരിയിക്കാൻ ബിജെപിയും. സാമുദായിക ധ്രുവീകരണം അടക്കം നിർണായകമാവുന്ന മണ്ഡലത്തിൽ വിജയം ആർക്കൊപ്പം ?

ആലപ്പുഴയിൽ മത്സരാർത്ഥിയായി കെ.സി.വേണുഗോപാൽ എത്തിയതോടെ കോൺഗ്ര് പ്രവർത്തകർ ആകെ ഉഷാറിലാണ്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ വേണുഗോപാലിന് രാജ്യമാകെ തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതല കൂടിയുള്ളതിനാൽ എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസിന്റെ പ്രവർത്തനം. കേന്ദ്രത്തില്‍ ബിജെപിയുടെ മൂന്നാം വരവിന് തടയിടണം, ആലപ്പുഴയില്‍ ബിജെപിയെ നാമാവശേഷമാക്കണം - ഇതാണ് വേണുവിന്‍റെ ഇരട്ട ദൗത്യം.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
am arif kc venugopal sobha surendran

ആലപ്പുഴ: ജനകീയ ഉത്സവത്തിലേയ്ക്കുള്ള കെ.സി വേണുഗോപാലിന്റെ മാസ് എന്‍ട്രിയിലൂടെ  ദേശീയ ശ്രദ്ധയാകർഷിച്ച പോരാട്ടമാണ് ഇത്തവണ ആലപ്പുഴയിലേത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സുനാമിയിലും തിരയെടുക്കാതെ നിന്ന ഇടതിന്റെ ഏക സീറ്റാണ് ആലപ്പുഴയിലേത്.

Advertisment

അതിനാൽ ആലപ്പുഴ കൈവിടാതെ കാക്കുക എന്നത് ഇടതിന് അഭിമാന പോരാട്ടമാണ്. അതേസമയം, സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന്റെ ദേശീയമുഖങ്ങളിലൊന്നായ കെ.സി വേണുഗോപാലിനെ രംഗത്തിറക്കി യു.ഡി.എഫും തീപ്പൊരി നേതാവായ ശോഭാ സുരേന്ദ്രനെ രംഗത്തിറക്കി ബി.ജെ.പിയും അങ്കം കടുപ്പിച്ചിരിക്കുകയാണ്.


 സാമുദായിക വോട്ടുകളടക്കം നിർണായകമായ ആലപ്പുഴയിൽ  ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വേണുഗോപാലിനെ തളയ്ക്കാന്‍ ഇത്തവണ എങ്കിലും കഴിയുമോ എന്ന പ്രതീക്ഷയിലാണ് എതിരാളികള്‍ . ത്രികോണ മത്സരമാണ് ആലപ്പുഴയിലെങ്കിലും വേണുഗോപാലിന്‍റെ തേരോട്ടത്തിന് ദേശീയ ശ്രദ്ധ കൂടുതലാണ്.


ആലപ്പുഴയിൽ മത്സരാർത്ഥിയായി കെ.സി.വേണുഗോപാൽ എത്തിയതോടെ കോൺഗ്ര് പ്രവർത്തകർ ആകെ ഉഷാറിലാണ്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ വേണുഗോപാലിന് രാജ്യമാകെ തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതല കൂടിയുള്ളതിനാൽ എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസിന്റെ പ്രവർത്തനം. കേന്ദ്രത്തില്‍ ബിജെപിയുടെ മൂന്നാം വരവിന് തടയിടണം, ആലപ്പുഴയില്‍ ബിജെപിയെ നാമാവശേഷമാക്കണം - ഇതാണ് വേണുവിന്‍റെ ഇരട്ട ദൗത്യം.

വേണുഗോപാൽ എത്തിയതോടെ കോൺഗ്രസിലെ വിമത നീക്കങ്ങളൊന്നും ഇത്തവണയില്ലെന്നതും യു.ഡി.എഫിന് ഗുണകരമാണ്. രാഹുൽഗാന്ധിയുടെ വലംകൈയായ, കോൺഗ്രസിന്റെ ദേശീയ മുഖമായ വേണുഗോപാലിനെ ജയിപ്പിക്കുന്നതിലൂടെ ആലപ്പുഴ വി.ഐ.പി മണ്ഡലമായി ഉയരുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം. 

മൂന്ന് തവണ എം.എൽ.എയും രണ്ട് തവണ എം.പിയുമായിരിക്കേ നടപ്പാക്കിയ വികസനങ്ങളാണ് കെ.സി.വേണുഗോപാലിന്റെ പ്ലസ് പോയിന്റുകൾ. ഒപ്പം രാഷ്ട്രീയത്തിനതീതമായി അദ്ദേഹം മണ്ഡലത്തിൽ വളർത്തിയെടുത്ത വ്യക്തിബന്ധങ്ങളും. മണ്ഡലത്തിന്റെ ഓരോ കോണിലും ജനങ്ങളെ പേരെടുത്ത് അഭിസംബോധന ചെയ്യുന്ന ദേശീയ നേതാവ് എന്ന വികാരം ജനങ്ങൾക്കിടയിലുണ്ട്. വിജയം ഉറപ്പാക്കാൻ കെ.സി വേണുഗോപാലിനെ കളത്തിലിറക്കിയതോടെ അവസരം നഷ്ടപ്പെട്ടവർ കാലുവാരില്ലെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. അഭിപ്രായ സർവേകളിൽ യു.ഡി.എഫിനാണ് ബഹുദൂരം മുൻതൂക്കം.


റോഡ് ഷോകളും, കുടുംബസംഗമങ്ങളും പൂർത്തിയാക്കി ബൂത്ത് തല കൺവൻഷനുകളിലേക്ക് കടന്നിരിക്കുകയാണ് ഇടത് സ്ഥാനാർത്ഥി എ.എം.ആരിഫ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മണ്ഡലത്തിലാകെ വ്യക്തി ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തത് വോട്ടായി മാറുമെന്നാണ് ആരിഫിന്റെ പ്രതീക്ഷ. ദേശീയപാതാ നവീകരണം അടക്കം വികസന വിഷയങ്ങളാണ് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. 


പതിനായിരം ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ കടന്നുകൂടിയ ആരിഫ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കുറഞ്ഞ ഭൂരിപക്ഷം ആലപ്പുഴയിലെ 10474 ആയിരുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണൻ പിടിച്ച 1,87,729 വോട്ടുകളാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായത്. യു.ഡി.എഫിന്റെ വോട്ടുകളാണ് വൻതോതിൽ അദ്ദേഹത്തിന് കിട്ടിയത്. അതോടെ ആരിഫിന്റെ ചെറിയ ഭൂരിപക്ഷത്തിലുള്ള വിജയം സാദ്ധ്യമായെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

ഇത്തവണ കെ.സി വേണുഗോപാൽ മത്സരിക്കുന്നതിനാൽ വോട്ടുചോർച്ച ഒഴിവാക്കാനാവുമെന്നും യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നു. 2009ലും 2014ലും വേണുഗോപാൽ വിജയിച്ച മണ്ഡലമാണിത്.

എ-പ്ലസ് മണ്ഡലമായ ആലപ്പുഴയിൽ ദേശീയനിർവാഹക സമിതിയംഗവും സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ശോഭ സുരേന്ദ്രനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പ് പ്രചരണം മൂന്നാം റൗണ്ട് പിന്നിട്ടപ്പോഴേക്കും എൻ.ഡി.എയുടെ ജനപിന്തുണയും വിജയസാദ്ധ്യതയും വർദ്ധിപ്പിക്കാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. 


ബൂത്തുതലം മുതലുള്ള പ്രവർത്തനം ആർ.എസ്.എസാണ് ഏകോപിപ്പിക്കുന്നത്. തുടക്കം മുതൽ ചിട്ടയായ പ്രചരണത്തിലൂടെയും ജനസമ്പർക്കത്തിലൂടെയുമാണ് ബി.ജെ.പി മുന്നേറുന്നത്. ദേശീയ നേതാവായ ശോഭയ്ക്ക് കഴിഞ്ഞ തവണത്തെ 1.87 ലക്ഷം വോട്ടുകൾ മറികടന്ന് മുന്നോട്ടു പോകാനാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.


എസ്.എൻ.ഡിപിക്ക് വേരോട്ടമുള്ള ആലപ്പുഴയിൽ ബി.ഡി.ജെ.എസിന്റെ സ്വാധീനം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും എൻ.ഡി.എക്ക് കരുത്തേകുന്നു. തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ , പാലക്കാട് എന്നിവയാണ് ബി.ജെ.പിയുടെ മറ്റ് എ ക്ളാസ് മണ്ഡലങ്ങൾ.

ആലപ്പുഴയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ ഒരു മണ്ഡലവുമാണ് പാർലമെന്റ് മണ്ഡലത്തിലുള്ളത്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നിവയാണവ. ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വരെ നീണ്ടുനിവർന്നു കിടക്കുന്ന തീരദേശ ലോക്‌സഭാ മണ്ഡലമാണിത്.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പൊതുവേ ഇടത്തേയ്ക്കും, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗം തവണ വലത്തേയ്ക്കും ചായുന്നതാണ് ആലപ്പുഴയുടെ ശീലം. കഴിഞ്ഞ തവണ ഇരു മുന്നണികളിലും മുസ്ലീം സ്ഥാനാർത്ഥികളായിരുന്നതും, ഹിന്ദു വോട്ടുകളുടെ ഒഴുക്കുണ്ടായതും ബി.ജെ.പിക്ക് ഗുണം ചെയ്തിരുന്നു. ഇത്തവണ ഇടതിന് മുസ്ലീം സ്ഥാനാർത്ഥിയും മറ്റ് രണ്ട് മുന്നണികൾക്കും ഹിന്ദു വിഭാഗത്തിൽ പെട്ടവരുമാണ്.

അതിനാൽ സാമുദായിക ധ്രുവീകരണം ഏത് രീതിയിലാവുമെന്ന ആശങ്ക മുന്നണികൾക്കെല്ലാമുണ്ട്. അതിനുപുറമേയാണ് ഡെല്‍ഹിയില്‍ ബിജെപിക്കെതിരെ പട നയിക്കുന്ന കെ സി വേണുഗോപാലിന്‍റെ മത്സര സാന്നിധ്യം.

ഏറ്റവുമധികം ഈഴവ വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് ആലപ്പുഴ. സി.പി.എമ്മിലെ വിഭാഗീതയത മുൻകാലങ്ങളേക്കാൾ തലപൊക്കിയത് ഇടതു മുന്നണിക്ക് ഭീഷണിയാണ്. ക്ഷേമപെൻഷനടക്കം മുടങ്ങിയ സംഭവങ്ങൾ പ്രചാരണ ആയുധമാക്കുകയാണ് യു.ഡി.എഫ്.

Advertisment