Advertisment

വോട്ടെടുപ്പ് കഴിഞ്ഞു; ആലപ്പുഴയിൽ സിപിഎം - സിപിഐ പോര് തുടങ്ങി. രാമങ്കരിയിലെ സിപിഐ പഞ്ചായത്ത് പ്രസിഡൻറിനെ പുറത്താക്കാൻ യുഡിഎഫുമായി ചേർന്ന് ആവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ആർ.രാജേന്ദ്രകുമാറിനെ നീക്കുക ലക്ഷ്യം. പാർട്ടിക്കെതിരായ നീക്കം വോട്ടെടുപ്പിനെ ബാധിച്ചോയെന്ന ആശങ്കയിൽ സിപിഐ നേതൃത്വം. നേതൃത്വം അറിയാതെയാണ് അവിശ്വാസ പ്രമേയ നീക്കമെന്ന് കൈകഴുകി സിപിഎം ജില്ലാ നേതൃത്വം

മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ സി.പി.എം - സി.പി.ഐ ഭിന്നത തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നായിരുന്നു എൽ.ഡി.എഫ് ക്യാംപിലെ ഇതുവരെയുളള വിശ്വാസം.എന്നാൽ വോട്ടെടുപ്പിന് പിന്നാലെ യു.ഡി.എഫിനെ കൂട്ടുപിടിച്ച് ആവിശ്വാസം പ്രമേയത്തിന് നോട്ടിസ് നൽകിയതോടെ ഈ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. 

New Update
cpm cpi

ആലപ്പുഴ: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയിൽ വീണ്ടും സി.പി.എം - സി.പി.ഐ പോര് തലപൊക്കുന്നു.സി.പി.എം അഭ്യന്തര പ്രശ്നങ്ങൾ നേരിടുന്ന കുട്ടനാട്ടിൽ നിന്നുതന്നെയാണ് പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. രാമങ്കരി പഞ്ചായത്തിലെ സി.പി.ഐയുടെ പഞ്ചായത്ത് പ്രസിഡൻറ് ആർ.രാജേന്ദ്ര കുമാറിന് എതിരെ യു.ഡി.എഫ് അംഗങ്ങളുമായി ചേർന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി കൊണ്ടാണ് സി.പി.എം, ഇടവേളക്ക് ശേഷം ഏറ്റുമുട്ടൽ തുടങ്ങിയിരിക്കുന്നത്. 

Advertisment

ലോകസഭാ തിരഞ്ഞെടുപ്പിൽ ശത്രുപക്ഷത്ത് നിന്നിരുന്ന യു.ഡി.എഫിനെ കൂടെ കൂട്ടിയാണ് സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐയുടെ പ്രസിഡൻറിനെ താഴെയിറക്കാൻ പണി തുടങ്ങിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്ന നേതാവാണ് രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.രാജേന്ദ്രകുമാർ.


അതാണ് മോൻ ചത്തിട്ടാണെങ്കിലും വേണ്ടില്ല മരുമോടെ ദു:ഖം കണ്ടാൽ മതിയെന്ന മട്ടിൽ സി.പി.ഐ പ്രസിഡൻറിനെ മറിച്ചിടാൻ യു.ഡി.എഫിനെ കൂട്ടുപിടിച്ച് അവിശ്വാസം കൊണ്ടുവരുന്നത്.

മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ സി.പി.എം - സി.പി.ഐ ഭിന്നത തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നായിരുന്നു എൽ.ഡി.എഫ് ക്യാംപിലെ ഇതുവരെയുളള വിശ്വാസം.എന്നാൽ വോട്ടെടുപ്പിന് പിന്നാലെ യു.ഡി.എഫിനെ കൂട്ടുപിടിച്ച് ആവിശ്വാസം പ്രമേയത്തിന് നോട്ടിസ് നൽകിയതോടെ ഈ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. 

സി.പി.ഐ ഉറച്ച വിജയ പ്രതീക്ഷ വെച്ചുപുലർത്തുന്ന മണ്ഡലമാണ് മാവേലിക്കര. ഫലം വിപരീതം ആയാൽ ജില്ലയിലെ മുന്നണി ബന്ധങ്ങളെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ വളരുമെന്ന് ഉറപ്പാണ്.മൂന്ന് സി.പി.എം അംഗങ്ങളും നാല് യു.ഡി.എഫ് അംഗങ്ങളും ഒപ്പിട്ടാണ് സി.പി.ഐ പ്രസിഡൻറിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.


13 വാർഡുകളുളള രാമങ്കരി പഞ്ചായത്തിൽ നേരത്തെ സി.പി.എമ്മിന് 9 അംഗങ്ങളും യു.ഡി. എഫിന് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ആർ.രാജേന്ദ്ര കുമാറിൻെറ നേതൃത്വത്തിൽ ആറ് പേർ സി.പി.ഐയിൽ ചേർന്നു. ഇതോടെ രാമങ്കരി പഞ്ചായത്തിൻെറ ഭരണം സി.പി.എമ്മിന് നഷ്ടമായി. സി.പി.ഐക്ക് ഒപ്പമാണ് നിൽക്കുന്നതെങ്കിലും രാജേന്ദ്ര കുമാറും ഒപ്പമുളള അഞ്ച് പേരും ഇപ്പോഴും പാർട്ടി അംഗങ്ങൾ ആണെന്നാണ് സി.പി.എമ്മിൻെറ വാദം.


എന്നാൽ പാർട്ടി അംഗമായ പ്രസിഡൻെറിനെ താഴെയിറക്കാൻ എന്തുകൊണ്ട് യു.ഡി.എഫുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു എന്ന് ചോദിച്ചാൽ സി.പി.എം നേതാക്കൾക്ക് ഉത്തരമില്ല.പാർട്ടി വിട്ട് സി.പി.ഐയിൽ പോയതിൻെറ വൈരാഗ്യത്തിലാണ് ഇപ്പോഴത്തെ അവിശ്വാസമെന്ന് വ്യക്തമാണ്. ഭരണസമിതിയെ താഴെയിറക്കാൻ സി.പി.എമ്മിന് ഒറ്റയ്ക്ക് അംഗബലം ഇല്ലാത്തത് കൊണ്ടാണ് രാഷ്ട്രീയ എതിരാളികളാണെന്ന കാര്യം പോലും മറന്ന് യു.ഡി.എഫിനെ കൂട്ടി അവിശ്വാസം കൊണ്ടുവന്നത്.

സി.പി.എമ്മിൻെറ മൂന്ന് അംഗങ്ങളും യു.ഡി.എഫിൻെറ നാല് അംഗങ്ങളും ചേരുമ്പോൾ 13 അംഗ സമിതിയിൽ ഭൂരിപക്ഷം ലഭിക്കും. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പ്രമേയം എന്ന് ചർച്ചക്ക് എടുക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.വോട്ടെടുപ്പിന് തൊട്ടുപിന്നാലെ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിനെ സി.പി.ഐ യാദൃശ്ചികമായി കാണുന്നില്ല.

തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ തന്നെ ഇതിൻെറ ആസൂത്രണം അണിയറയിൽ നടക്കുന്നുണ്ടായിരുന്നു എന്നാണ് സി.പി.ഐ നേതാക്കളുടെ അനുമാനം. അതുകൊണ്ട് തന്നെ പാർട്ടികൾക്കിടയിലെ ഭിന്നത വോട്ടെടുപ്പിൽ ബാധിച്ചിട്ടുണ്ടോയെന്ന ആശങ്ക സി.പി.ഐയിൽ ശക്തമായി കഴിഞ്ഞു.


തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യു.ഡി.എഫുമായി, സി.പി.എമ്മിന് ഉണ്ടായിരുന്ന ധാരണയുടെ പ്രതിഫലവനമാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് രാമങ്കരി പഞ്ചായത്ത് പ്രസിഡൻറ് ആർ.രാജേന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് മറിഞ്ഞിട്ടുണ്ടെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പ്രതികരണം.


രാമങ്കരിയിലെ പുതിയ സംഭവ വികാസങ്ങളെ സി.പി.ഐ ജാഗ്രതയോടെ നിരീക്ഷിചച്ച് വരികയാണ്.പ്രശ്നത്തിൻെറ ഗൌരവം കണക്കിലെടുത്ത് സംസ്ഥാന നേതൃത്വത്തെയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. 

മുന്നണി ബന്ധങ്ങളെ ബാധിക്കുന്ന വിഷയം ആണെന്ന് തിരിച്ചറിഞ്ഞ് സി.പി.എം ജില്ലാ നേതൃത്വവും പ്രശ്നത്തിൽ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്.ഏരിയാ നേതൃത്വം പോലും അറിയാതെയാണ് രാമങ്കരിയിൽ യു.ഡി.എഫുമായി ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയതെന്നാണ് സി.പി.എം നേതൃത്വത്തിൻെറ പ്രതികരണം.ഭരണസമിതി അംഗങ്ങൾ യോജിച്ച് എടുത്ത തീരുമാനമാണെന്നും അവരുമായി പ്രശ്നത്തെപ്പറ്റി സംസാരിക്കുമെന്നും ഏരിയാ നേതൃത്വം അറിയിച്ചു. 

എന്നാൽ പാർട്ടി നേതൃത്വം അറിയാതെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന വാദം വിശ്വാസയോഗ്യം അല്ലെന്നാണ് ആക്ഷേപം.ഇക്കാര്യത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങൾ അടക്കമുളള നേതാക്കൾക്ക് പങ്കുണ്ടെന്നും അവരുടെ സമ്മതത്തോടെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് തയാറാക്കിയതെന്നുമാണ് പുറത്തുവരുന്ന വിവരം.

പ്രശ്നം തീർക്കാൻ സി.പി.എം ജില്ലാ നേതൃത്വം ഏത് തരത്തിൽ ഇടപെടുമെന്ന് നോക്കിയിരിക്കുകയാണ്  സി.പി.ഐ. അത് മനസിലാക്കിയ ശേഷമാകും സി.പി.ഐയുടെ പ്രതികരണം.

Advertisment