/sathyam/media/media_files/9ZpOmH4K7vmBgUUf1ldZ.jpg)
ആലപ്പുഴ: വർധിച്ചു വരുന്ന ആസ്ത്മ നിയന്ത്രിക്കാനും എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കാനും ശ്വാസകോശ വിദഗ്ദ്ധരും, മറ്റു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആസ്ത്മ രോഗത്തെക്കുറിച്ചും, ചികിൽസയെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രീയ അറിവ് എല്ലാവരിലും എത്തിക്കാൻ കൂട്ടായി പ്രയത്നിക്കേണ്ടതുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ആദ്യ വകുപ്പു മേധാവിയും പ്രൊഫസറുമായിരുന്ന ഡോ. പി സുകുമാരൻ അഭിപ്രായപെട്ടു.
ലോക ആസ്ത്‌മ ദിനാചരണത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യഭ്യാസ പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസ്ത്മ പരിചരണം എങ്ങിനെ, ആസ്ത്മ വൈവിധ്യങ്ങളും പുത്തൻ ചികിൽസാ മാർഗ്ഗങ്ങളും, സ്ത്രീകളിലെ ആസ്ത്മ, തീവ്ര ആസ്ത്മ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ഡോ.ബി. ജയപ്രകാശ്, ഡോ.പി.എസ് ഷാജഹാൻ, ഡോ. പ്രവീൺ ജി.എസ്, ഡോ. മനാഫ് എം.എ, ഡോ. മീര ജെ കുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
നാലരലക്ഷത്തിലേറെയുള്ള ആഗോള വാർഷിക ആസ്ത്മ മരണങ്ങളിൽ നാൽപത്തിരണ്ടു ശതമാനത്തോളം മരണങ്ങൾ ഇൻഡ്യയിൽ നിന്നാണെന്നുള്ള റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്ന് സമ്മേളനം വിലയിരുത്തി. ശരിയായ ചികിൽസ ശരിയായ സമയത്ത് ശരിയായ രീതിയിൽ നൽകിയാൽ മാത്രമേ ആസ്ത്മ മൂലമുള്ള അനാവശ്യ ആശുപത്രി വാസവും, സങ്കീർണതകളും, മരണങ്ങളും ഇല്ലാതാക്കാനാവൂ എന്നത് പൊതു സമൂഹം ഗൗരവത്തിലിലെടുക്കേണ്ട കാര്യമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപെട്ടു.
മൂന്നര പതിറ്റാണ്ടു മുമ്പ് ആലപ്പുഴയിൽ ആദ്യമായി ശ്വാസകോശ വിഭാഗം ആരംഭിക്കാൻ നേതൃത്വം നൽകിയ ഡോ.പി. സുകുമാരനെ ചടങ്ങിൽ വെച്ച് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു.
'അറിവ് ശക്തി പകരും' എന്ന സന്ദേശം മുൻനിർത്തി അടുത്ത ഒരു വർഷം ആസ്ത്മ ബോധവൽക്കരണ പരിപാടികളും, സെമിനാറുകളും ശ്വാസകോശ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് വകുപ്പു മേധാവി ഡോ.ബി ജയപ്രകാശും സംഘാടക സമിതി ചെയർമാൻ ഡോ. പി.എസ്. ഷാജഹാനും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us