ആലപ്പുഴ: ജില്ലയിൽ ഈ വർഷം ഇതുവരെ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും ജില്ലയിൽ 9 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ എച്ച്1എൻ1 പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗബാധയുള്ളവർ വായും മൂക്കും പൊത്താതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങൾ പുരളാനിടയുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയും രോഗാണു ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തി രോഗ പകർച്ച ഉണ്ടാക്കുന്നു.
രോഗപ്രകർച്ച തടയാൻ പ്രതിരോധ ശീലങ്ങൾ പാലിക്കണം. രോഗമുള്ളയാൾ കർശനമായും മാസ്‌ക് ധരിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. പനിയുള്ളപ്പോൾ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും പൊതുസ്ഥലങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകാതിരിക്കുകയും ചെയ്യുക.
പനി ഉള്ളപ്പോൾ കുഞ്ഞുങ്ങളെ അങ്കണവാടികൾ, ക്രഷ് എന്നിവിടങ്ങളിൽ വിടാതിരിക്കുക. രോഗം ഇല്ലാത്തവരും പൊതുസ്ഥലങ്ങളിലും തിരക്കുള്ള ഇടങ്ങളിലും ആശുപത്രി സന്ദർശന വേളകളിലും മാസ്‌ക് ധരിക്കുക. നന്നായി വിശ്രമിക്കുക. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, പാനീയങ്ങൾ തുടങ്ങിയവ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും ചെയ്യുക.
ഗർഭിണികൾ, പ്രമേഹം രക്താതിമർദ്ദം ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗങ്ങൾ തുടങ്ങി മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് ചെറിയ ജലദോഷം വന്നാൽ പോലും ഉടൻ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്.
സമ്പർക്കം മൂലം എച്ച്1എൻ1 പിടിപെടാൻ സാധ്യത കൂടുതൽ ഉള്ളവരും ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്ന രോഗസാധ്യത കൂടിയ ആളുകളും മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്.
എച്ച്1എൻ1 പനിക്ക് ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽസൗജന്യമായി ലഭ്യമാണ്. രോഗം സ്ഥിരീകരിക്കുന്നതിനുള്ള സ്രവ പരിശോധനകളും ലഭ്യമാണ്. പകർച്ചപ്പനികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പനി, ശരീരവേദന ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല. തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തി ചികിത്സ തേടുക.