ആലപ്പുഴയിൽ എൻസിപിയിലെ ഒരു വിഭാഗം കേരളാ കോൺഗ്രസിൽ ലയിക്കാൻ നടത്തിയ നീക്കം മന്ദഗതിയിൽ. ആവശ്യം കുട്ടനാട് സീറ്റ്. വഴങ്ങാതെ പിജെ ജോസഫ്

കഴിഞ്ഞ ദിവസം ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ ലയനം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് വിവരം. ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും 20നകം ലയന പ്രഖ്യാപനം ഉണ്ടാകുമെന്നുമായിരുന്നു എന്‍.സി.പിയിലെ ഒരു വിഭാഗം അവകാശപ്പെട്ടിരുന്നത്. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്‌ക്കൊപ്പം നിന്നിരുന്ന വിഭാഗമാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
pj joseph reji cheriyan

ആലപ്പുഴ: എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം റെജി ചെറിയാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയും മുന്നണിയും വിട്ട് യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ് ജോസഫില്‍ ചേരാന്‍ നടത്തിയ നീക്കം ഇഴയുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് മത്സരിച്ചു വരുന്ന കുട്ടനാട് നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് നടത്തിയ നീക്കമാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്.

Advertisment

കഴിഞ്ഞ ദിവസം ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ ലയനം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് വിവരം. ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും 20നകം ലയന പ്രഖ്യാപനം ഉണ്ടാകുമെന്നുമായിരുന്നു എന്‍.സി.പിയിലെ ഒരു വിഭാഗം അവകാശപ്പെട്ടിരുന്നത്. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്‌ക്കൊപ്പം നിന്നിരുന്ന വിഭാഗമാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയത്.


പ്രവാസി വ്യവസായി കൂടിയായ റെജി ചെറിയാനെ കുട്ടനാട്ടില്‍ സ്ഥാനാര്‍ഥിയാക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. എന്‍.സി.പിക്ക് സീറ്റ് വീണ്ടും ലഭിച്ചാല്‍ നിലവിലെ എം.എല്‍.എ തോമസ്.കെ.തോമസിനെ ഒഴിവാക്കുക ബുദ്ധിമുട്ടാണ്. അതല്ലെങ്കില്‍ സി.പി.എം സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിലാണ് റെജി ചെറിയാന്‍ വിഭാഗം കേരളാ കോണ്‍ഗ്രസിലേക്ക് പോകാനുള്ള നീക്കം നടത്തുന്നത്.


കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഏകദേശ ധാരണയില്‍ എത്തിയെന്നാണ് റെജി ചെറിയാന്‍ പക്ഷക്കാര്‍ പറഞ്ഞിരുന്നതെങ്കിലും ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. മാത്രമല്ല വിജയിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാർഥിയെ ചൂണ്ടിക്കാണിക്കാതെ കേരളാ കോൺഗ്രസിന് കുട്ടനാട് കൊടുക്കാൻ കോൺഗ്രസ്‌ തയ്യാറാകില്ല. ആർക്കെങ്കിലും കൊടുക്കാനായി കോൺഗ്രസ്‌ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് സൂചന.

കായംകുളം പത്തിയൂര്‍ സ്വദേശിയായ റെജി ചെറിയാന്‍ ആലപ്പുഴയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി പഞ്ച നക്ഷത്ര ഹോട്ടല്‍ ഉള്‍പ്പടെയുള്ള ബിസിനസ് സംരംഭങ്ങള്‍ നടത്തി വരികയാണ്. ഏതാനും വര്‍ഷം മുമ്പാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ഇതോടൊപ്പം കുട്ടനാട്, കായംകുളം മേഖലകള്‍ കേന്ദ്രകരിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.

കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോണ്‍ ജോസഫ് ഉള്‍പ്പടെയുള്ളവരുമായാണ് റെജി ചെറിയാനും കൂട്ടരും ചര്‍ച്ച നടത്തിയിരുന്നതെന്നാണ് അറിയുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ റെജി ചെറിയാന്റെ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന അഭിപ്രായവും ശക്തമാണ്.

അതേസമയം എന്‍.സി.പിക്കുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ റെജി ചെറിയാന്‍ പക്ഷം പാര്‍ട്ടി വിടുമെന്ന് ഭീഷണി ഉയര്‍ത്തിയതെന്ന സംശയങ്ങളും ബാക്കിയാണ്.

Advertisment