/sathyam/media/media_files/Gg7bZkstgqFndA9pVBIB.jpg)
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ കനൽ കെട്ടതോ ? കെടുത്തിയതോ ? തോൽവിയുടെ കാരണം കണ്ടെത്താൻ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ജില്ലയില്‍ നേരിട്ടിറങ്ങുന്നു.
2019 ൽ എൽ.ഡി.എഫിന് ലഭിച്ച ഏക സീറ്റായ ആലപ്പുഴ ഇക്കുറി കൈവിട്ടേക്കാമെന്ന വിലയിരുത്തൽ വോട്ടെണ്ണലിന് മുമ്പ് തന്നെ സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും എ.എം ആരിഫിനേറ്റ കനത്ത തോൽവി അപ്രതീക്ഷിതമായിരുന്നു.
മാത്രമല്ല സി.പി.എം കോട്ടകളിലുണ്ടായ വോട്ട് ചോർച്ചയും മൂന്ന് ലക്ഷത്തോളം വോട്ടുകൾ കീശയിലാക്കിയ ബി.ജെ.പിയുടെ അമ്പരപ്പിച്ച പ്രകടനവും പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു.
ഈഴവ, ധീവര ഉൾപ്പടെയുള്ള വോട്ടു ബാങ്കുകൾ കൈയ്യൊഴിഞ്ഞെന്ന പ്രാഥമിക വിലയിരുത്തലിനൊപ്പം പാർട്ടിയിലെ വിഭാഗീയതയും തോൽവിയുടെ ആഴം വർധിപ്പിച്ചെന്ന സംശയമാണ് നേതൃത്വത്തിനുള്ളത്.
ചില ജനപ്രതിനിധികൾ അടക്കമുള്ള നേതാക്കളുടെ സമീപനത്തെ കുറിച്ചും ആലപ്പുഴയിലെ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. 28 ന് ചേരുന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലും 29 നും 30 നും ചേരുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
തിരഞ്ഞെടുപ്പിന് ശേഷം മുതിർന്ന നേതാവ് ജി.സുധാകരൻ നടത്തിയ പരസ്യ വിമർശനങ്ങൾക്കെതിരെ യോഗത്തിൽ പ്രതിഷേധം അറിയിക്കാൻ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. നേരത്തെ എച്ച്.സലാം എം.എൽ.എ സുധാകരനെതിരെ നടത്തിയ പരസ്യ പ്രതികരണം ഒരു വിഭാഗം നേതാക്കളുടെ അറിവോടെ ആയിരുന്നുവെന്നാണ് വിവരം.
പിന്നോക്ക, പട്ടിക വിഭാഗങ്ങളുടെ അകൽച്ചയാണ് വൻ തോൽവിക്ക് കാരണമായി സംസ്ഥാന നേതൃത്വം പ്രധാനമായും കണ്ടെത്തിയത്. എന്നാൽ ആലപ്പുഴയിൽ പാർട്ടിക്കുള്ളിലെ അടിയൊഴുക്കുകളും തിരിച്ചടിച്ചതായി ആരിഫിനൊപ്പമുള്ളവർ ചൂണ്ടിക്കാട്ടിയേക്കും.
എസ്.എൻ.ഡി.പി, ധീവരസഭ നേതൃത്വങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ച മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴയെന്നാണ് സി.പി.എം വിലയിരുത്തിയിട്ടുള്ളത്. സർക്കാരിനെതിരായ വിമർശനങ്ങളും ജില്ലാ കമ്മറ്റിയിൽ ഉയർത്താൻ ഒരു വിഭാഗം തയ്യാറാകുമെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us