/sathyam/media/media_files/xeKIHjViymMdwi8AtXYS.jpg)
ആലപ്പുഴ: 34 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദ്ദേശവുമായി എക്സൈസ് വകുപ്പ്. ഇതു സംബന്ധിച്ച എക്സൈസ് കമ്മിഷണറുടെ സർക്കുലർ സംസ്ഥാനത്തെ വിവിധ ഡിവിഷനുകളിൽ ലഭിച്ചു.
ചെക്പോസ്റ്റുകളിൽ ഉൾപ്പടെ കർശന പരിശോധന നടത്താനാണ് നിർദ്ദേശം. ഇതിനായി കൂടുതൽ ജീവനക്കാർ ആവശ്യമെങ്കിൽ താൽക്കാലികമായി നിയോഗിക്കാം. വ്യാജ മദ്യ കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ ഇപ്പോഴത്തെ പ്രവർത്തനം നിരീക്ഷിക്കണം.
പാലക്കാടു നിന്നുള്ള കളള് പ്രത്യേകം പരിശോധനാ വിധേയമാക്കണം. വ്യാജമദ്യ വിൽപ്പന നടക്കുന്നതായി സൂചനയുള്ള പ്രദേശങ്ങളിൽ നിരന്തരം പരിശോധന വേണം. ബാറുകളിലെയും ഷാപ്പുകളിലെയും സാംപിളുകൾ ശേഖരിച്ച് സംശയമുള്ളവ മേഖലാ മൊബൈൽ ലാബുകളിൽ പരിശോധനാ വിധേയമാക്കണം.
കൊല്ലം, മലപ്പുറം ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരും ഫീൽഡിൽ പരിശോധനയ്ക്ക് ഇറങ്ങണം. പരിശോധനകളിൽ പിടിച്ചെടുക്കുന്ന മദ്യം സെക്കൻഡ്സ് ആണോയെന്ന നിരീക്ഷണവും ഉണ്ടാകണം. എല്ലാ ജില്ലാ അതിർത്തികളിലും പകലും രാത്രിയും പരിശോധന നടത്തണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us