/sathyam/media/media_files/bmOwWDvVDyHkYk3wGh5t.jpg)
ആലപ്പുഴ: ഓഹരി വിപണി, ബിറ്റ് കോയിൻ എന്നിവയുടെ പേരിൽ മലയാളികളെ കുടുക്കി തട്ടിപ്പ് നടത്താൻ ഗുജറാത്ത് കേന്ദ്രീകരിച്ച് വൻ സംഘം. ആലപ്പുഴ ചേർത്തലയിൽ ഡോക്ടർ ദമ്പതിമാരിൽ നിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചത്.
വാട്സ് ആപ്പ് , ടെലിഗ്രാം എന്നിവയിലൂടെയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. തട്ടിപ്പ് സംഘത്തിൽ മലയാളികളുടെ സാന്നിധ്യമുള്ളതായും പോലീസ് സംശയിക്കുന്നു. കോവിഡ് കാലത്തിന് ശേഷം കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്ന ഡീ മാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടത്തെ തുടർന്നാണ് ഇത്തരം തട്ടിപ്പുകാർ ഇവിടേയ്ക്ക് കണ്ണുവച്ചത്.
ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരോട് ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്താണ് 7.65 കോടി തട്ടിയെടുത്തത്. ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടന്നതെന്ന് വ്യക്തമായതോടെ അവിടേക്ക് പോകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ഇൻവെസ്കോ, കാപിറ്റൽ, ഗോൾ ഡിമാൻസ് സാക്‌സ് എന്നീ കമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണ് രേഖകൾ കാണിച്ചു തെറ്റിദ്ധരിപ്പിച്ചും ഉയർന്ന ലാഭം വാഗ്ദാനം ചെയ്തും ദമ്പതിമാരെ തട്ടിപ്പുസംഘം വലയിൽ വീഴ്ത്തിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് ദമ്പതിമാർ സംഘത്തിന് തുക കൈമാറിയത്. ഇതിൻ്റെ ഇടപാടുകളെല്ലാം പോലീസ് ബാങ്കുകളിൽ പോയി പരിശോധിച്ചു വരികയാണ്.
പണം ട്രാൻസ്റ്റർചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. പണം തട്ടുന്നതിനുവേണ്ടി ഡോക്ടർക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചുനൽകി ഗ്രൂപ്പിൽ ചേർത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദീകരിച്ച് പ്രലോഭിപ്പിച്ചത്. യു ട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ ഓഹരി സംബന്ധമായ വിവരങ്ങൾ തേടുന്നവരെ കണ്ടെത്തി തട്ടിപ്പിനിരയാക്കാനും വലിയ ശൃംഖല രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us