/sathyam/media/media_files/tNpkzfQ5tvGoSlZIUPNA.jpg)
ആലപ്പുഴ: സിപിഎം ലോക്കൽ കമ്മറ്റി അംഗത്തെ കാപ്പ നിയമപ്രകാരം നാടുകടത്തിയതോടെ വെട്ടിലായി ആലപ്പുഴ ജില്ലയിലെ പാർട്ടി നേതൃത്വം.
കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെ (37) യാണ് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തി ഉത്തരവായത്.
സിബിക്കെതിരെയുള്ള പല കേസുകളും പാർട്ടി നേതൃത്വം ഇടപെട്ട് ഒതുക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കൂടുതൽ കേസുകളിൽ ഉൾപ്പെടുന്നവരെ കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്തേക്ക് നാടുകടത്തുന്നതിലും ജയിലിലാക്കുന്നതിലും ഉന്നത പോലീസ് നേതൃത്വം കർശന നിലപാട് എടുത്തതോടെ സിബിക്ക് തലയൂരാൻ കഴിയാതെ വരികയായിരുന്നു.
കായംകുളം, ഓച്ചിറ പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിബിയെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധി കാരപരിധിയിൽ ഒൻപത് മാസത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് എറണാകുളം റേഞ്ച് ഡി. ഐ.ജിയാണ് ഉത്തരവിറക്കിയത്.
കായംകുളം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്‌റ്റിൽ ഉൾപ്പെട്ട ഇയാൾ അടിപിടി, മണൽക്കടത്ത് കേസുകളിൽ പ്രതിയാണ്. സിപിഎം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ആഷിക് അജയനെയും നേരത്തെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു.
കായംകുളത്ത് ക്വട്ടേഷൻ സംഘങ്ങൾക്ക് പിന്നിൽ ചില സി.പി.എം നേതാക്കളാണെന്ന വിമർശനം ഏറെക്കാലമായി ഉയർന്നിരുന്നു. ഇപ്പോൾ സിബിക്കെതിരായ നടപടിയെക്കുറിച്ച് പ്രതികരിക്കാൻ പല നേതാക്കളും തയ്യാറാകുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us