/sathyam/media/media_files/B4PXlRmeBmRFWsEgRf1V.jpg)
ആലപ്പുഴ: പതിനഞ്ച് വർഷം മുമ്പ് കാണാതായ മാന്നാറിലെ കലയെ ഭർത്താവും കൂട്ടുകാരും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയതാണെന്ന സത്യം കണ്ടെത്തി പോലീസ് താരമായെെങ്കിലും കോടതിയിൽ കേസ് തെളിയിക്കാൻ പോലീസ് ഏറെ അധ്വാനിക്കേണ്ടി വരും.
പ്രതികളുടെ കുറ്റസമ്മതത്തിന് അപ്പുറമുള്ള തെളിവുശേഖരണമാണ് പോലീസിന് വെല്ലുവിളിയാവുന്നത്. അസ്ഥികൂടം പോലും ശേഷിക്കാത്ത തരത്തിലാണ് മറവുചെയ്തത്. രാസപദാർത്ഥങ്ങളുപയോഗിച്ച് മൃതദേഹം വേഗത്തിൽ ലയിപ്പിച്ചു കളഞ്ഞെന്നാണ് സൂചന.
മരിച്ചത് കലയാണെന്നു പോലും തെളിയിക്കാൻ പോലീസ് ഏറെ വിയർക്കും. കുറ്റകൃത്യത്തിൽ പങ്കാളിയായ ആരെയെങ്കിലും മാപ്പുസാക്ഷിയാക്കി കോടതിയിൽ കേസ് ബലപ്പിക്കാനാണ് പോലീസിന്റെ ഇപ്പോഴത്തെ ആലോചന.
അസ്ഥികളുടെ കാലപ്പഴക്കം ഡി.എൻ.എ സാമ്പിൾ ശേഖരണത്തെയും മരണകാരണം കണ്ടെത്തുന്നതിനെയും ഗുരുതരമായി ബാധിക്കും. സെപ്റ്റിക് ടാങ്കായതിനാൽ രാസവസ്തുക്കൾ ഒഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത് തെളിയിക്കാനും പ്രയാസമാണ്.
മതിയായ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ സാഹചര്യതെളിവുകളും മാപ്പുസാക്ഷിയുടേതുൾപ്പെടെ മൊഴികളുമാകും കേസിൽ നിർണായകമാകുക. കേസ് തെളിയിച്ചെടുക്കുക എന്നത് പോലീസിനെ സംബന്ധിച്ച് വൻ വെല്ലുവിളിയാണ്. വേഗത്തിൽ മൃതദേഹം അഴുകാനും ദുർഗന്ധം വമിക്കാതിരിക്കാനും പ്രതികൾ നടത്തിയ രാസപ്രയോഗവും തെളിവുശേഖരണത്തിന് വെല്ലുവിളിയാണ്.
കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് അസ്ഥി കഷണങ്ങളെന്ന് സംശയിക്കുന്ന ചില പീസുകളും മുടിനാരിഴയും തലയിലിടുന്ന ക്ലിപ്പും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് വള്ളിയുമാണ് തെളിവായി ലഭിച്ചത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
സാധാരണ ഗതിയിൽ മൃതദേഹത്തിന്റെ പേശികൾ, അസ്ഥികൂടം, തലയോട്ടി, ആന്തരികാവയവങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകളും രാസപരിശോധനഫലങ്ങളുടെ റിപ്പോർട്ടുകളുമാണ് മരണകാരണം കണ്ടെത്താൻ ആശ്രയിക്കുന്നത്. എന്നാൽ ഏതാനും ചില അസ്ഥിക്കഷണങ്ങൾ മാത്രമാണ് കിട്ടിയത്.
ഇവയിൽ നിന്നോ മുടിയുടെ സാമ്പിളിൽ നിന്നോ ഡി.എൻ.എ സാമ്പിളുകൾ ലഭിച്ചാൽ മൃതദേഹ അവശിഷ്ടം കലയുടെതാണെന്ന് തിരിച്ചറിയാനാവും. കാലപ്പഴക്കം കാരണം അസ്ഥികളിൽ മജ്ജയുടെ അംശം ഇല്ലെങ്കിൽ ഡി.എൻ.എ ശേഖരണം ദുഷ്കരമാക്കും.
സെപ്റ്റിക് ടാങ്ക് വീട്ടുകാർ ഉപയോഗിച്ചിരുന്നതിനാൽ മുടിനാരിഴ കലയുടെതാണെന്ന് ഫോറൻസിക് പരിശോധനയിൽ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്ലൈഡ്, അടിവസ്ത്രത്തിലെ ഇലാസ്റ്റിക് എന്നിവ തെളിവാക്കിയെടുക്കാനുമാവില്ല. മരണകാരണമായ പരിക്കുകളോ ആഘാതമോ തിരിച്ചറിയാൻ പ്രയാസമാണ്.
കഴുത്ത് ഞെരിച്ചാൽ കഴുത്തിലെ കശേരുക്കളിലാണ് ബലപ്രയോഗത്തിന്റെ സൂചനകളുണ്ടാകുക. മാംസപേശികളൊന്നും ശേഷിച്ചിട്ടില്ലാത്തതിനാൽ കശേരുക്കളുടെ സ്ഥാനചലനവും പരിക്കും നിർണായകമാണ്. കണ്ടെത്തിയ അസ്ഥികളിൽ കശേരുക്കളുണ്ടോയെന്ന് വ്യക്തമല്ല.
അസ്ഥികളിൽ നിന്ന് എന്തെങ്കിലും തെളിവുകൾ ലഭിച്ചാലും മലമൂത്ര വിസർജ്യങ്ങൾക്കൊപ്പം കാലങ്ങളോളം കിടന്നതിനാൽ തെളിവ് കണ്ടെത്തുക പ്രയാസകരമാണ്. ശാസ്ത്രീയ തെളിവുകളും മൊബൈൽ കോൾ രേഖകളും ലഭ്യമല്ലാത്തതും പോലീസിന് തിരിച്ചടിയാവും.
മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കലയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. കലയുടെ ഭർത്താവ് അനിലിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലെ ഇക്കാര്യത്തിൽ വ്യക്തത വരൂ.
കൊലപാതകത്തിനു മുൻപ് കലയെ ഭർത്താവ് അനിൽ കാറിൽ കയറ്റിയത് എറണാകുളത്ത് നിന്നാണ്. അനിൽ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നാണ് മൊഴികൾ. ഇത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മദ്യം നൽകി കലയെ ബോധരഹിതയാക്കിയ ശേഷമായിരുന്നു കൊലപാതകം. കാർ ഓടിച്ച പ്രമോദ് ഉൾപ്പെടെയുള്ളവർ കാറിൽ കയറിയത് കല ബോധരഹിതയായ ശേഷമാണ്. പെരുമ്പുഴ പാലത്തിൽവച്ച് അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നും കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നുവെന്നുമാണ് ഇതുവരെയുള്ള നിഗമനം.
കൃത്യത്തിനുപയോഗിച്ച കാർ ആരുടെതാണെന്നോ സംഭവശേഷം കാർ എന്ത് ചെയ്തുവെന്നോ വെളിപ്പെടുത്താൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. അനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ ഇക്കാര്യം വ്യക്തമാകൂവെന്നാണ് പൊലീസ് നിലപാട്.
എന്നാൽ അനിൽ പിടിയിലാകും മുമ്പ് കാറിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടാൽ അത് തെളിവ് നശിക്കാൻ ഇടയാക്കും. സെപ്റ്റിക് ടാങ്കിൽ നിന്നും ഇനിയൊന്നും കിട്ടാൻ സാധ്യതയില്ലെന്ന് പൊലീസിനു വേണ്ടി മൃതദേഹ അവശിഷ്ടങ്ങളെടുത്ത സോമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കല്ലു പോലും ദ്രവിച്ചുപോകുന്ന രാസവസ്തു സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നു. അസ്ഥിയെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങളും ടാങ്കിൽനിന്നും ലഭിച്ചു. ടാങ്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ മാത്രമേ മൃതദേഹം അഴുകിപോകാനും ദുർഗന്ധമറിയാതിരിക്കാനും ഉപയോഗിച്ച രാസവസ്തു ഏതാണെന്ന് വ്യക്തമാകൂവെന്ന് പൊലീസ് വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us