മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം; കായംകുളം നഗരസഭാ കൗൺസിലര്‍ നവാസ് മുണ്ടകത്തിലിനെ നിയമപരമായ നടപടി സ്വീകരിച്ച് അയോഗ്യനാക്കണം - സിപിഐഎം ഏരിയാ സെക്രട്ടറി ബി അബിൻഷാ

author-image
ഇ.എം റഷീദ്
New Update
kayamkulam municipality

കായംകുളം: മതസ്പർദ്ധ വളർത്തുന്ന രൂപത്തിൽ ഭരണഘടന വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മുസ്ലിം ലീഗ് നേതാവും നഗരസഭാ കൗൺസിലറുമായ നവാസ് മുണ്ടകത്തിലിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് അയോഗ്യനാക്കണമെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി ബി അബിൻഷാ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisment

നഗരസഭയിൽ നിർമ്മിച്ച അയ്യൻ കോയിക്കൽ ഹെൽത്ത് & വെൽനെസ് സെൻറർ കെട്ടിട ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് വിവിധ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് വാർഡ് കൗൺസിലർ കൂടിയായ നവാസ് മുണ്ടകത്തിൽ മതസ്പർദ്ധ വളർത്താനുള്ള നീക്കം നടത്തിയത്.

കെട്ടിടത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പായി നഗരസഭാ ഭരണ നേതൃത്വമോ, ഉദ്യോഗസ്ഥരോ അറിയാതെ നവാസ് മുണ്ടകത്തിൽ മതപുരോഹിതരെ തെറ്റിദ്ധരിപ്പിച്ച് കെട്ടിടത്തിൽ പ്രാർത്ഥന നടത്തുകയും ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

kayamkulam

ഇതിലൂടെ കായംകുളത്തിൻ്റെ മതസൗഹാർദ്ദം തർക്കുവാനും കലാപം സൃഷ്ടിക്കുവാനുമാണ് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട അവസരത്തിൽ തന്നെ സിപിഐഎം ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് പരാതി നൽകുകയും ചെയ്തു.

നഗരസഭാ ചെയർപേഴ്സൺ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിയ്ക്ക് കത്ത് നൽകി. കൂടാതെ മുഖ്യമന്ത്രിയ്ക്കും, ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും പോലീസ് അധികാരികൾക്കും നഗരസഭാ ചെയർപേഴ്സൺ പരാതി നൽകി.മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി തുടർ നടപടികൾക്കായി ജില്ലാ പോലീസ് മേധാവിയ്ക്ക് കൈമാറുകയും ചെയ്തു.

എന്നാൽ ഈ സംഭവത്തിൽ മുസ്ലിം ലീഗും കോൺഗ്രസ്സും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിച്ചത്. നവാസ് മുണ്ടകത്തിലിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു എന്ന് പറയുന്നവർ പുറത്താക്കാനുള്ള ആർജ്ജവം കാട്ടാത്തതിൽ ദുരൂഹതയുണ്ട്.

നവാസ് മുണ്ടകത്തിലിനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഈ സംഭവത്തെ ഉപയോഗപ്പെടുത്തി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ബിജെപി നീക്കം അപലപനീയമാണെന്നും ബി അബിൻഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി പി ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എച്ച് ബാബുജാൻ, പി ഗാനകുമാർ, ഷെയ്ക് പിഹാരീസ്, നഗരസഭാ ചെയർപേഴ്സൺ പി ശശികല, കെ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

Advertisment