ആലപ്പുഴ: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിക്ക് ചൊവ്വാഴ്‌ച തുടക്കം. ഉത്സവത്തിന്റെ ഭാഗമായി മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. ചെട്ടികുളങ്ങര ചൊവ്വ വൈകിട്ട് കാഴ്‌ചക്കണ്ടത്തിൽ 13 കെട്ടുകാഴ്‌ച ഒന്നിച്ചണിനിരക്കും.
കരുത്തും കലയും വിശ്വാസവും കൊണ്ട് തീര്‍ത്ത കുത്തിയോട്ടങ്ങൾ ആഘോഷപൂര്‍വം ക്ഷേത്രത്തിലെത്തും.
ശിവരാത്രി നാളിൽ തുടങ്ങിയ കാത്തിരിപ്പിന് വിരാമമാകും. ആചാരമനുസരിച്ച് ഉച്ചക്ക് കുംഭഭരണി വിഭവമായ കൊഞ്ചും മാങ്ങയും കൂട്ടി വിഭവസമൃദ്ധമായ സദ്യയുണ്ട് ജനം ക്ഷേത്രത്തിലെത്തും.
പുലർച്ചെമുതല്‍ കുത്തിയോട്ട സമര്‍പ്പണത്തിനായി ക്ഷേത്രത്തിലേക്ക് കുത്തിയോട്ടവരവ് തുടങ്ങും. തിങ്കളാഴ്‌ച കുത്തിയോട്ടവരവിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കുത്തിയോട്ടം വീടുകളിൽനിന്നെത്തുന്നത് വര്‍ണാഭമായ ഘോഷയാത്രയോടെയാണ്.