ആലപ്പുഴ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരം കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. ബി.പദ്മകുമാർ മന്ത്രി സജി ചെറിയാനിൽ നിന്നും ഏറ്റുവാങ്ങി.
വൈജ്ഞാനിക വിഭാഗത്തിലാണ് ഡോ. ബി. പദ്മകുമാറിന്റെ 'പാഠം ഒന്ന് ആരോഗ്യം' എന്ന കൃതി പുരസ്കാരം നേടിയത്. വൈദ്യശാസ്ത്ര, സാഹിത്യ മേഖലകളിൽ മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള പദ്മകുമാർ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഹെൽത്ത് കോളമിസ്റ്റാണ്.
ഡി.സി ബുക്സ് മൂന്നു വാല്യങ്ങളായി പുറത്തിറക്കിയ സർവവിജ്ഞാന കോശത്തിന്റ ജനറൽ എഡിറ്റർ ആയിരുന്നു. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ ഗസ്റ്റ് എഡിറ്റർ ആയിരുന്നപ്പോൾ നൂറോളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും നല്ല വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള 2010 ലെ കേശവദേവ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മെഡിക്കൽ ക്യാമ്പുകളിലടക്കം സജീവമായ പദ്മകുമാർ ജനകീയ ഡോക്ടറായാണ് അറിയപ്പെടുന്നത്.