ആലപ്പുഴ: പ്രമുഖ ശ്വാസകോശ വിദഗ്ധനും ആലപ്പുഴ ഗവൺമെൻ്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം തലവനുമായ ഡോ.ബി. ജയപ്രകാശ് ഏപ്രിൽ 30 നു സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കും. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ നിയുക്ത പ്രസിഡണ്ടായ ഡോക്ടർ ജനപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ എന്നും മുൻപിലുണ്ടായിരുന്നു.
അലർജി പരിശോധനയെക്കുറിച്ചുള്ള വ്യാജ പരസ്യങ്ങൾ പല പത്രങ്ങളുടേയും മുൻ പേജിൽ മുഴുനീള പരസ്യങ്ങളായി വന്നപ്പോൾ അതിനെതിരേ അതി ശക്തമായ നിലപാടെടുക്കാനും ജനങ്ങളെ ബോധവൽക്കരിക്കാനും മുന്നിട്ടിറങ്ങിയ ചുരുക്കം ആരോഗ്യ വിദഗ്ധരിലൊരാളാണ് വർക്കല സ്വദേശിയായ ഡോ. ജയപ്രകാശ്.
ശ്വാസനാളീ രോഗങ്ങളെ ക്കുറിച്ച് കാനഡയിലെ മക് മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ഡോ. ജയപ്രകാശ് പ്രൊഫ. ദേവനായഗം ഒറേഷൻ, പ്രൊഫ. എസ്.കെ. കട്യാർ ഒറേഷൻ തുടങ്ങിയ ദേശീയ പുരസ്ക്കാര ജേതാവു കൂടിയാണ്.
റീജണൽ കാൻസർ സെന്ററിലെ പത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സിന്ധു നായരാണ് ഭാര്യ. ലണ്ടനിൽ ബി.ബി.സി യിൽ എഞ്ചിനീയറായ സിത്ഥാര്‍ഥ്, ടെക്നോപാർക്കിൽ ജർമൻ ഭാഷാ തർജ്ജമ മേഖലയിൽ ജോലി ചെയ്യുന്ന കാർത്തിക എന്നിവർ മക്കൾ.
ആലപ്പുഴയിലെ ശ്വാസകോശ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന - ദേശീയ തലത്തിൽ നിരവധി അക്കാദമിക പുരസ്കാരങ്ങൾ നേടിയെടുക്കാൻ മാർഗ്ഗദർശ്ശിയായി വർത്തിച്ച ഡോക്ടർ ജയപ്രകാശിനെ ഏപ്രിൽ 28 നു വിദ്യാർത്ഥികളും സഹപ്രവർത്തകരും ചേർന്ന് ആദരിക്കും.