ആലപ്പുഴ: ഹരിപ്പാട് മുതുകുളം സ്വദേശിയും പൂർവവിദ്യാർഥിയുമായ ഡോ. ബി. പദ്‌മകുമാർ ബുധനാഴ്ച ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൻ്റെ 38-ാമത്തെ പ്രിൻസിപ്പലായി ചുമതലയേറ്റു.
കൊല്ലം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായ ഇദ്ദേഹത്തെ ആലപ്പുഴയിലേക്കു മാറ്റി നിയമിക്കുകയായിരുന്നു.
1983-ൽ കേരള സർവകലാശാലയിൽനിന്നു ബിഎസ്സി സുവോളജിയിൽ ഒന്നാംറാങ്കുനേടിയ ഇദ്ദേഹം 1990-ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് സ്വർണമെഡലോടെയാണ് എംബിബിഎസ് ബിരുദം നേടിയത്.
1995-ൽ ഗവ. മെഡിക്കൽ കോളേജ് ഔറംഗാബാദിൽനിന്ന് ഒന്നാം റാങ്കോടെ എംഡി കരസ്ഥമാക്കി. 2016-ൽ കേരള സർവകലാശാലയിൽനിന്നു മെഡിസിനിൽ പിഎച്ച്‌ഡി, ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്നു റുമറ്റോളജിയിൽ ഫെലോഷിപ്പ്, കേംബ്രിഡ്ഡിൽനിന്നു വിദഗ്‌ധപരിശീലനം എന്നിവ നേടിയിട്ടുണ്ട്.