/sathyam/media/media_files/2025/06/30/v-s-achuthanandan-2025-06-30-17-21-56.jpg)
ആലപ്പുഴ: ആലപ്പുഴയുടെ ആരോഗ്യ മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ ഭരണാധികാരിയായിരുന്നു വി എസ് അച്യുതനന്ദനെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ.
ആലപ്പുഴ നഗരത്തിൽ ഇപ്പോൾ ജനറൽ ആശുപത്രി പ്രവർത്തിക്കുന്ന പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള സ്ഥലത്തുനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് വണ്ടാനത്തുള്ള വിശാലമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്.
60 ഏക്കറിലായി 28,000ചതുരശ്ര അടി വിസ്തീർണ്ണ മുള്ള കെട്ടിടത്തിലേക്കാണ് വിവിധ ഘട്ടങ്ങളിലായി ആശുപത്രി സമുച്ചയം മാറ്റിയത്. 2010ജനുവരി 12 ന് ആശുപത്രി മാറ്റം പൂർത്തിയായതായി അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു.
2005-2006 കാലഘട്ടത്തിൽ ആലപ്പുഴയിലെ കുട്ടനാടും പരിസരപ്രദേശങ്ങളിലും ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തപ്പോൾ രാജ്യത്താദ്യമായി ഒരു വയസ്സിനും 15 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനായി ആലപ്പുഴയെ തിരഞ്ഞെടുത്തതിലും ആദ്ദേഹത്തിന്റെ ഇടപെടലുണ്ടായിരുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഫീൽഡ് സ്റ്റേഷൻ 2008 ഫെബ്രുവരിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്ഥാപിച്ചതും അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്.
അതിനുമുൻപ് ചിക്കുൻ ഗുനിയ പോലെയുള്ള വൈറൽ പനികൾ ആലപ്പുഴയിൽ പടർന്നു പിടിച്ചപ്പോൾ രോഗനിർണയത്തിനായി പൂനെയിലെ നാഷണൽ ഇൻസ്ടിട്യൂട്ടിൽ അയച്ചു കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.
2007 ൽ ആലപ്പുഴയിൽ ചിക്കുൻഗുനിയ ആദ്യമായി പടർന്നു പിടിച്ചപ്പോൾ മരണകാരണത്തെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധരുടെയിടയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. മറ്റു രോഗങ്ങൾ ഉള്ളവരാണ് കൂടുതലും മരിക്കുന്നതെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം.
എന്നാൽ രോഗബാധിത പ്രദേശങ്ങൾ നേരിട്ടു സന്ദർശിച്ച മുഖ്യമന്ത്രി ചിക്കുൻ ഗുനിയയും നേരിട്ട് മരണകാരണമാകാമെന്ന് യുക്തിപൂർവ്വം അഭിപ്രായപ്പെടുകയായിരുന്നു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധസംഘം ചേർത്തയിലും പരിസര പ്രദേശങ്ങളിലും പര്യടനം നടത്തി വെർബൽ ഓട്ടോപ്സി നടത്തുകയുണ്ടായി. രോഗം മൂലം മരണമടഞ്ഞവർക്ക് ധനസഹായം ഉൾപ്പടെയുള്ള അനുകൂല്യങ്ങൾ ഇങ്ങനെ ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us