ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കായംകുളം. കടകമ്പോളങ്ങളിൽ വൻ തിരക്ക്. വസ്ത്ര-സ്വർണ്ണവിപണികൾ സജീവം. പുലിക്കളിയും വള്ളംകളിയും അത്തച്ചമയവുമെല്ലാം ആഘോഷത്തിന് മാറ്റ്കൂട്ടും. കലാപരിപാടികളും നിരവധി. സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കി പോലീസും

New Update
onam

ഫയല്‍ ചിത്രം

കായംകുളം: ഓണം ഒരുവിളിപ്പാടകലെ എത്തിയതോടെ കായംകുളം ഉത്സവലഹരിയിൽ മുഴുകി. പട്ടണത്തിലെ കടകമ്പോളങ്ങളിലും വസ്ത്രവ്യാപാരശാലകളിലും വൻ തിരക്കാണ് നിത്യവും അനുഭവപ്പെടുന്നത്.

Advertisment

ഓണാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വസ്ത്രവിൽപ്പന ശാലകൾ ഇതിനോടകം തന്നെ ആകർഷകമായി രീതിയിൽ ഒരുങ്ങിയിട്ടുണ്ട്.

വിപുലമായ വസ്ത്രശേഖരങ്ങളും, വൈവിധ്യമാർന്ന കളക്ഷനുകളും , ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനും ഇവിടെ അവസരമൊരുക്കുന്നുണ്ട്. 

ടെക്സ്റ്റൈൽ വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയെങ്കിലും ഷോർട്ട് ടോപ്പുകൾ, അനാർക്കലി, മറ്റ് ഫാഷൻ വസ്ത്രങ്ങൾ എന്നിവയും വൻ ഡിമാൻഡിലാണ്.

കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ പ്രായത്തിനും ഇഷ്ടത്തിനും അനുയോജ്യമായ ഫാൻസി ഡിസൈനുകൾ, ജീൻസ്, ടീ-ഷർട്ടുകൾ, മോഡേൺ വസ്ത്രങ്ങൾ എന്നിവ രണ്ടുമാസം മുമ്പേ വിപണിയിൽ എത്തിക്കഴിഞ്ഞു.

ഓണത്തിന്റെ തിരക്കിനാൽ വ്യാപാരസ്ഥാപനങ്ങൾ രാത്രി 12 മുതൽ 1 മണിവരെ തുറന്നുപ്രവർത്തിക്കുന്നു. ഫുട്പാത്ത് കച്ചവടക്കാരും ഒറിജിനലിനെ വെല്ലുന്ന ആകർഷകമായ മോഡൽ വസ്ത്രങ്ങളും ചെരിപ്പുകളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസമേകുന്നു.

ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്ന പരമ്പരാഗത ആഘോഷങ്ങൾ 
ഓണത്തിന്റെ മുൻ ദിവസങ്ങളിൽ കായംകുളത്ത് പുലികളിയും അത്തച്ചമയവും, കായംകുളം വള്ളംകളിയും, ഉറിയടിയും, ഉത്സവത്തിന് ആവേശം പകരുന്നു.

ഈ പരമ്പരാഗത കലാരൂപങ്ങളും വിനോദങ്ങളും ഓണത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കുന്നതും ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്. 

സർക്കാർ ഓഫീസുകളിലും, ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും , പൂക്കള മത്സരങ്ങൾ, തിരുവാതിര, വിവിധ കലാമത്സരങ്ങൾ എന്നിവ നടക്കുന്നു.

പൂക്കളങ്ങളുടെ വർണവൈവിധ്യവും തിരുവാതിരയുടെ താളലയവും പട്ടണത്തിന് ആഘോഷഭാവം നൽകുന്നു. കമ്പനികൾ, സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ലഭിക്കുന്ന ബോണസും അഡ്വാൻസും ഓണാഘോഷം സമൃദ്ധമാക്കാൻ ഏറെ സഹായിക്കുന്നു. 

സ്വർണ്ണക്കടകൾ, പഴം-പച്ചക്കറി വിപണികൾ തുടങ്ങി എല്ലാ മേഖലകളും ഓണത്തിന്റെ വരവോടെ ഉണർന്നിരിക്കുകയാണ്.

അത്തം ഉദിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കായംകുളം വിപണികളുടെ തിക്കിലും, തിരക്കിലും, പരമ്പരാഗത ആഘോഷങ്ങളുടെ ആനന്ദത്തിലും ഓണത്തിന്റെ ഉത്സവലഹരിയിൽ മുഴുകിയിരിക്കുമ്പോൾ പട്ടണത്തിൽ വരുന്നവരുടെ സംരക്ഷണ ചുമതല കൃത്യമായി നിർവ്വഹിക്കാൻ ജില്ലാ പോലീസ് മേധാവി മോഹന ചന്ദ്രന്റെ നിർദ്ദേശപ്രകാരം ആവശ്യമായ പോലീസ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുള്ളതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

തിരക്കുകൾ കുറക്കാനും, ഇവിടേക്കു വരുന്നവരുടെ വാഹനങ്ങൾ പാർക്കു ചെയ്യാനും നഗരസഭയും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

-റിപ്പോര്‍ട്ട്: വാഹിദ് കൂട്ടേത്ത്

Advertisment