ആലപ്പുഴ: പട്ടിണിയില്ലാതെ അന്തി ഉറങ്ങാം എന്ന ആശയം നടപ്പിലാക്കാൻ ആലപ്പുഴ കേന്ദ്രീകരിച്ച് രൂപീകൃതമായ അത്താഴ കൂട്ടം ഈ തിരുവോണ - നബിദിന നാളുകളിൽ നിത്യവൃത്തിക്ക് വകയില്ലാത്ത നൂറോളം കുടുബങ്ങളെ ചേർത്ത് പിടിച്ച് കൊണ്ട് 2500 രൂപ വിലവരുന്ന ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പ് കാർക്കും, അന്തിക്ക് ഭക്ഷണം വിളമ്പി തുടങ്ങിയ ശേഷം ആലപ്പുഴയുടെ തെരുവോരങ്ങളിലും ബസ്സ്റ്റാൻ്റിലും, റയിൽവേസ്റ്റേഷനുകളിലുമായി നൂറോളം പേർക്ക് അന്തിഭക്ഷണം നൽകാൻ തുടങ്ങിയട്ട് 4200 ദിവസമായി.
മരുന്ന് വാങ്ങുവാൻ പണമില്ലാത്ത രോഗികളെ സഹായിച്ചും, പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന കുടുബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയും നിശബ്ദ പ്രവർത്തനം കാഴ്ചവെക്കുന്ന അത്താഴ കൂട്ടത്തിൻ്റെ ഈ പ്രാവശ്യത്തെ ഓണം - നബിദിസദ്യ ഒരുക്കുന്നത് നൂറോളം പേർ പാർക്കുന്ന മരിയാദാമിലാണ്.
കുവൈറ്റ് മലയാളി സമാജത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുതു വസ്ത്രങ്ങളും നൽകും. ഭക്ഷണ ധാന്യ പച്ചക്കറി കിറ്റ് വിതരണവും ഓണം - നബിദിന ആഘോഷങ്ങളുടെ ഉദ്ഘാടനവും ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് എം.പി. ഗുരു ദയാൽ, അദ്ധ്യക്ഷത വഹിച്ചു. അഡ്വ - ജി' മനോജ് കുമാർ, നൗഷാദ് അത്താഴ കൂട്ടം, കെ.നാസർ, പി. അനിൽകുമാർ, ചന്ദ്രദാസ് കേശവപിള്ള, തുഷാർ വട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.