ആന്റപ്പൻ അമ്പിയായം ഓർമ്മയായിട്ട് നാളെ 11 വർഷം; സഹപ്രവർത്തകർ 'മഴ മിത്ര'ത്തിൽ ഒത്തുകൂടും

New Update

എടത്വ : പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായം (39) ഓർമ്മയായിട്ട് ജൂൺ 3ന് 11 വർഷം. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴിൽ അണിനിരത്താനുള്ള ശ്രമത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞ ആന്റപ്പൻ അമ്പിയായത്തിന്റെ ഹരിത ചിന്തകൾക്ക് സ്മരണ പുതുക്കി സുഹൃത്തുക്കൾ' മഴ മിത്ര'ത്തിൽ ഒത്തുചേരും.

Advertisment

കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻ്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തിൽ കല്ലറയിലും 'മഴമിത്ര 'ത്തിലും പുഷ്പാർച്ചന നടത്തും. തുടർന്ന് ഉച്ചയ്ക്ക് 3ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്യും.

ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ മുഖ്യ സന്ദേശം നല്കും. മലങ്കര ഓർത്തഡോക്സ് സഭാ കവി സിപി ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആചാര്യ അവാർഡ് നേടിയ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണനെ ആദരിക്കുമെന്ന് കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ്, ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ അറിയിച്ചു.

മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ 80 വയസു പ്രൂർത്തിയായ നാൾ എടത്വ പള്ളിയുടെ ചുറ്റും 80 വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് ആന്റപ്പൻ ഡോ.എ.പി.ജെ അബ്ദുൽ കലാമിനോടൊപ്പം ജന്മദിനം കൊണ്ടാടിയത്. നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം നട്ടത്.

2010-ൽ തിരുവനന്തപുരത്ത് വെച്ച് പരിസ്ഥിതി ഉച്ചകോടി ആൻ്റപ്പൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ശുദ്ധമായ വായു, ശുദ്ധമായ ജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്ക് പരിശുദ്ധിയോട് നല്കണമെന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രകൃതി സഹവാസ ക്യാമ്പുകൾ ആൻ്റപ്പൻ കേരളത്തിലുടനീളം സംഘടിപ്പിച്ചത്. ഇന്ന് രാജ്യമെമ്പാടും ഗ്രീൻ കമ്മ്യൂണിറ്റി പ്രവർത്തകർ ആ ദീർഘവീക്ഷണശാലിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി നിലകൊളളുന്നു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലൂടെ ആണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായം ലോകത്തോട് വിട ചൊല്ലിയത്. കേരളത്തിലെ സഹപ്രവർത്തകർ തങ്ങളുടെ വീടുകളില്‍ വ്യക്ഷത്തൈ നട്ട് അനുസ്മരണം നടത്തും.

Advertisment