/sathyam/media/media_files/2025/09/14/untitled-2025-09-14-12-00-01.jpg)
ആലപ്പുഴ: കുമരകത്തു വെച്ചു നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ 'പൾമോകോൺ 2025' നോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ മൽസരങ്ങളിൽ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു .
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗവേഷണ പഠനത്തിന് രാജ്യാന്തര ശ്വാസകോശ വിദഗ്ധൻ ഡോ. ടി.മോഹൻകുമാർ ഏർപ്പെടുത്തിയ അവാർഡ് ക്ഷയരോഗികളിൽ ചികിൽ ക്കു ശേഷവും കണ്ടു വരുന്ന പ്രശ്നങ്ങൾ മുൻകൂട്ടി തടയാൻ കഴിയുന്നതെങ്ങിനെ എന്നതിനെ ക്കുറിച്ചുള്ള പഠനത്തിന് സീനിയർ റെസിഡണ്ട് ഡോ. അഞ്ജലി . വി. ബി യ്ക്കു ലഭിച്ചു.
നെഞ്ചിന്റെ എക്സ് റേ പരിശോധനയിൽ ക്ഷയരോഗ ചികിൽസയ്ക്കു ശേഷവും പാടുകൾ കണ്ടുവരുന്നത് നിരവധി പേരുടെ വിദേശ ജോലി സാധ്യതയെ ബാധിക്കുന്ന ഒന്നാണ്. പാടുകൾ ഉണ്ടാകാനുള്ള സാധ്യത ഘടകങ്ങൾ കണ്ടെത്തി തടയാൻ കഴിയുന്നത് ആയിരങ്ങൾക്ക് സഹായകരമായിരിക്കും എന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായുള്ള ഗവേഷണ പ്രബന്ധ മൽസരത്തിൽ രണ്ടാം സ്ഥാനം അവസാന വർഷ എം.ഡി വിദ്യാർത്ഥിനി ഡോ. അലിഡ ഫ്രാൻസിസും മൂന്നാം സ്ഥാനം രണ്ടാം വർഷ എം.ഡി വിദ്യാർത്ഥി ഡോ . റജ അഷ്ജാനും നേടി.
ക്വിസ് മൽസരത്തിൽ ആലപ്പുഴയിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഡോ. ആൻ മരിയ ജോൺസൺ , ഡോ. റജ അഷ്ജാൻ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എ. ശ്രീവിലാസൻ എ.പി.സി.സി.എം പ്രസിഡണ്ട് ഡോ. സഞ്ജീവ് നായർ എന്നിവർ സമ്മാനിച്ചു .
വിദ്യാർത്ഥികൾക്കു ലഭിച്ച പുരസ്ക്കാരങ്ങൾക്കു പുറമേ മികച്ച പ്രവർത്തനത്തിനും ഗവേഷണ ശിൽപശാല സംഘാടനത്തിനുമുള്ള പ്രസിഡണ്ടിൻ്റെ പ്രത്യേക പുരസ്ക്കാരം ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ. പി.എസ് . ഷാജഹാനു ലഭിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ അഭിമാനം ദേശീയ തലത്തിൽ ഉയർത്തിപ്പിടിച്ച ശ്വാസകോശ വിഭാഗത്തേയും വിദ്യാർ ത്ഥികളേയും പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ അഭിനന്ദിച്ചു.