ചേർത്തല: ഒരുമിച്ച് പഠിച്ച് കളിച്ച് നടന്നവർ 50 വർഷത്തിനുശേഷം ഒത്തുകൂടി. കൂറേനാളത്തെ വിശേഷങ്ങൾ പങ്കിട്ട് പഴയ ഒർമ്മകൾ പങ്കിട്ട് ആ സഹപാഠികൾ ഇനിയും കാണാമെന്ന ശുഭപ്രതീക്ഷയിൽ മടങ്ങി.
അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്കൂളിൽ 1969–70ൽ സ്കൂളിലെ10–ാം ക്ലാസിൽ പഠിച്ച 70 പേരാണ് കഴിഞ്ഞ ദിവസം സ്കൂളിൽ ഒത്തു കൂടിയത്.
ആദ്യമായി സംഘടിപ്പിച്ച സംഗമത്തിൽ അധ്യാപകരായ പി.ജി. ആനന്ദനെയും എമ്മിൽഡ ഫെർണാണ്ടസിനെയും ആദരിച്ചു.
സ്കൂളിനു സമീപത്തു താമസിക്കുന്ന ചിലരൊക്കെ പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നെങ്കിലും ഇത്രയും പേർ ഒന്നിച്ചു കൂടിയത് ഇത് ആദ്യം.
സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് എല്ലാവരെയും കണ്ടെത്തി സംഗമത്തിൽ പങ്കെടുപ്പിച്ചത്. സ്കൂൾ മാനേജറും അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക റെക്ടറുമായ ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ, സ്കൂൾ പ്രധാനാധ്യാപകൻ പി.എ. ജാക്സൺ, സ്കൂളിലെ വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന് ആശംസകൾ അർപ്പിച്ചു.