കുടുംബശ്രീ ആലപ്പുഴ ജില്ലാമിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാല പാർലമെന്റ് പി.പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

New Update
childrens parliament

ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കവിത ഐടിഐയിൽ സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ജില്ലാ ബാല പാർലമെന്റ് പി.പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

Advertisment

പാർലമെന്റ് നടപടികൾ, ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടന മൂല്യങ്ങൾ, പാർലമെന്ററി നടപടികൾ എന്നിവ കുട്ടികൾ മനസ്സിലാക്കണമെന്നും കുട്ടികളുടെ ആശയങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്നും എംഎൽഎ പറഞ്ഞു. 

കുടുംബശ്രീ അയൽക്കൂട്ട പരിധിയിൽ വരുന്ന മുഴുവൻ കുട്ടികളുടെയും കൂട്ടായ്മയാണ് ബാലസഭ. ബാലസഭയിൽ അംഗങ്ങളായ കുട്ടികളിൽനിന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തെ പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്ന ബാല പഞ്ചായത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജില്ലാ ബാല പാർലമെന്റിലുള്ളത്. 

കുട്ടികൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കുന്നതിനും പരിചയപ്പെടുന്നതിനും ജില്ലാ ബാലപാർലമെന്റിന്റെ ദ്വിദിന സഹവാസ ക്യാമ്പിലൂടെ സാധിക്കും. 

ജില്ലാ ബാല പാർലമെന്റിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ സംസ്ഥാന ബാല പാർലമെന്റിൽ പങ്കെടുപ്പിക്കും. ക്യാമ്പ് നാളെ സമാപിക്കും. 

ചടങ്ങിൽ കുടുബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത് അധ്യക്ഷനായി. സംസ്ഥാന മുൻ ബാല കർഷക അവാർഡ് ജേതാവ് അർജ്ജുൻ അശോകൻ, സംസ്ഥാന ബാലസഭ റിസോഴ്സ് പേഴ്സൺ എസ് ജതീന്ദ്രൻ, ജില്ലാ മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ടി സോണി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment