/sathyam/media/media_files/2024/12/02/QDATHtdq0ksiEI2hRAcg.jpg)
ആലപ്പുഴ: കേരളപ്പിറവിക്കുശേഷം 68 വർഷങ്ങൾ പൂർത്തികരിച്ചിട്ടും ഭിന്നശേഷിക്കാർക്ക് ആരാധനാലയങ്ങളിൽ പലയിടത്തും അവരവരുടെ വിശ്വാസം അനുസരിച്ചു പ്രാർത്ഥന നടത്തുവാൻ ആകുന്നില്ലെന്നു സാമൂഹ്യ പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള അഭിപ്രായപ്പെട്ടു.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മലയോര മേഖലകളിലെ ക്രിസ്തിയൻ ദേവാലയങ്ങൾ തുടങ്ങിയ എണ്ണമറ്റ ആരാധനാലയങ്ങളും ഭിന്നശേഷി സൗഹൃദമല്ല. വിശ്വാസങ്ങൾ അനുസരിച്ചു ആരാധന നടത്താനുള്ള അവകാശവും മനുഷ്യാവകാശം ആണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോക ജനസംഖ്യയുടെ പത്തുമുതൽ പതിനഞ്ചുശതമാനം വരെ ഭിന്നശേഷിക്കാർ ഉണ്ട്. അവരെ പറ്റി ആശങ്കരേഖപ്പെടുത്തിയതുകൊണ്ടോ ഭംഗി വാക്കുകൾ കൊണ്ടു വിശേഷിപ്പിച്ചതുകൊണ്ടോ അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ആവുന്നില്ല.
പണ്ടുകാലയളവിൽ ഭിന്നശേഷിക്കാരുടെ ജീവിതം വീടുവൃത്തങ്ങളിൽ ഒതുങ്ങിയിരുന്നു. ഭിന്നശേഷി ഉപകരണങ്ങളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഭിന്നശേഷിക്കാരുടെ യാത്രകൾ അസാധ്യമായിരുന്നു. ആരാധാനാലയങ്ങളോ ടൂറിസ്റ്റ് കേന്ദ്രങ്ങളോ കടലിന്റെ വശ്യസൗന്ദര്യങ്ങളോ അവർക്കു അസാധ്യമായിരുന്നു.
കാലം മാറിയതനുസരിച്ചു തുല്യ അവകാശവും സ്ഥിതിസമത്വവും ഭിന്നശേഷിക്കാർക്കും ഉണ്ടാകണം. ഭിന്നശേഷി സൗഹൃദമാക്കുകയാണ് കേരളത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നു പറഞ്ഞിട്ട് നാലുവർഷം കഴിഞ്ഞിട്ടും പൊതുവിടങ്ങൾ ഇന്നും ഭിന്നശേഷി സൗഹൃദമല്ല.
വരിയിൽ നിൽക്കാൻ ആവാത്തവർക്ക് വഴിയൊരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. വൈറ്റ് കെയിൻ ഉപയോഗിച്ച് അന്ധരായുള്ളവർക്ക് പാതയോരങ്ങളിലൂടെ നടക്കാൻ പറ്റാത്തവണ്ണം കൈയേറിയിട്ടും സർക്കാർ മൗനം പാലിക്കുന്നു.
പാർശ്വവത്കരിക്കപ്പെടുന്നവരോടുള്ള അവഗണനയാണ് സർക്കാർ സംവിധാനങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്.
കടൽ കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും അവർക്കും അവകാശം ഉണ്ടെങ്കിലും ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമല്ല. ബീച്ചുകളിൽ ഭിന്നശേഷി സൗഹൃദശുചിമുറികളോ കടലിലേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റുവിധമുള്ള റാമ്പ് കളോ ഇല്ല.
ബാരിയർഫ്രീ പദ്ധതി പ്രകാരം സൗകര്യങ്ങൾ ഒരുക്കിയ മുനമ്പം ബീച്ചിൽ വീൽച്ചെയറിൽ ഇരുന്ന് കടൽ കാണാത്തക്കവിധം റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പൂർണമായരീതിയിൽ ഭിന്നശേഷി സൗഹൃദം ആയിട്ടില്ല.
പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കത്തക്കവിധം നൂറുകോടിയോളം രൂപ ചിലവഴിച്ചു വാഗമണ്ണിലെ സൂയിസൈഡ് പോയിന്റ് നവീകരിച് ഇക്കോ അഡ്വഞ്ചർ പാർക്ക് ആക്കി മാറ്റി. പാർക്കിങ് സ്ഥലങ്ങളും നടപ്പാതകളും റോഡുകളും എല്ലാം ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്. പബ്ലിക്സ്റ്റേജും റെയിൻഷെഡ്‌ഡും ടവറും നിർമിച്ചു.
എന്നാൽ ഇവിടെയൊന്നും വീൽച്ചയറിൽ പോകാനാവില്ലെന്നത് ദുഃഖകരമായ വസ്തുത ആണ്. ഗുരുവായൂർ ക്ഷേത്രമുൾപ്പെടെ ഉള്ള ഇടങ്ങളിൽ ഭിന്നശേഷിക്കാർക്കായി വീൽച്ചെയറും പ്രത്യേക ക്യു സംവിധാനങ്ങളും ഒരുക്കുക ഉയർന്ന പടിക്കെട്ടുള്ള ക്ഷേത്രങ്ങളിൽ ഭിന്നശേഷിക്കാർക്കായി ലിഫ്റ്റ് സംവിധാനമോ റോപ്-വേ സംവിധാനമോ ഒരുക്കുക മനസ്സിൽ മാലിന്യം ഇല്ലാത്തവരെ മടിയിലെ മാലിന്യതിന്റെ പേരിൽ വിലക്കുകൾ ഏർപ്പെടുത്താതിരിക്കുക ഭിന്നശേഷിക്കാർക്ക് ക്ഷേത്ര ദർശനത്തിനുതകുംവിധം ക്രമീകരണങ്ങൾ നടത്തുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് വിവിധ ദേവസ്വം ബോർഡുകൾക്ക് കാത്തയച്ചതായും ചന്ദ്രദാസ് പറയുകയുണ്ടായി.വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കായി സീറ്റ് സംവരണം നടത്തണമെന്നും ചന്ദ്രദാസ് ആവശ്യപ്പെടുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us