ഹരിപ്പാട്: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ തോട്ടപ്പള്ളിമുതൽ വലിയഴീക്കൽവരെ 22 കിലോമീറ്റർ തീരത്ത് എഡിബി സഹായത്തോടെ കടൽഭിത്തി നിർമിക്കും.
സാമൂഹ്യാഘാത പരിസ്ഥിതിപഠനത്തിന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥസംഘമാണ് ഇക്കാര്യം ശുപാർശചെയ്യുമെന്നറിയിച്ചത്.
തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന പൂത്തോപ്പുമുതൽ പതിയാങ്കരവരെ തീരമേഖലയിൽ പല്ലന കുറ്റിക്കാട് പാനൂർ പള്ളിമുക്ക്, ചേലക്കാട് പ്രദേശങ്ങളിലും ആറാട്ടുപുഴയിൽ മംഗലം, എം ഇ എസ് ജങ്ഷൻ, കള്ളിക്കാട് രാമഞ്ചേരി പെരുമ്പള്ളി, വലിയഴീക്കൽ പ്രദേശങ്ങളിലുമാണ് സുരക്ഷിതമായ കടൽഭിത്തിയില്ലാത്തത്.
മംഗലം ഇടക്കാട് ജങ്ഷനിലെത്തിയ സംഘം ജനപ്രതിനിധികളും നാട്ടുകാരും സാമൂഹ്യ-രാഷ്‌ട്രീയ പ്രവർത്തകരുമായി സംസാരിച്ചു. ആറാട്ടുപുഴയിലുണ്ടായ തീരശോഷണത്തിന്റെ വിശദാംശങ്ങൾ നാട്ടുകാർ അറിയിച്ചു.
എഡിബി കൺസൾട്ടന്റ് ജോസഫ് എബ്രഹാം, സാനത് റണവാന, ബ്ലെയർ ജെ സ്‌പൻഡ് ലോ, രാഘവേന്ദ്ര നടുവിനാമണി, തമോസി ഭട്ടാചാര്യ, ജോസഫ് മാത്യൂസ്, ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സി ജ്യോതി, അസി. എൻജിനിയർമാരായ കെ വി വിപിൻ, എം എസ് ശ്രീഹരി, ശബരി ഓവർസിയർ വിഷ്‌ണു വിജയൻ എന്നിവരാണ് സംഘാംഗങ്ങൾ.
പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ സജീവൻ, എസ് വിനോദ്കുമാർ, പഞ്ചായത്തംഗങ്ങളായ സി എച്ച് സാലി, പ്രസീദ സുധീർ, അൽ അമീൻ, എൽ മൻസൂർ, സിപിഐ എം ആറാട്ടുപുഴ വടക്ക് ലോക്കൽ സെക്രട്ടറി സ്‌മിത രാജേഷ്, ആറാട്ടുപുഴ ജമാഅത്ത് ഭാരവാഹികളായ കെ വൈ അബ്‌ദുൾ റഷീദ്, എ മുഹമ്മദ് കുഞ്ഞ്, മംഗലം എസ്എൻഡിപി ശാഖ പ്രസിഡന്റ് വി സുധീർ എന്നിവരുമുണ്ടായിരുന്നു.