കഞ്ഞിക്കുഴി: കേരളീയർ കാർഷികസംസ്‌കാരത്തിലേക്ക് തിരിച്ചുവരണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആർ കേളു.
ചെറുകിട, നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കാൻ നടപ്പാക്കുന്ന പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 19–-ാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി.
നമ്മുടെ സംസ്‌കാരം കൃഷിയുമായി ബന്ധപ്പെട്ടതാണ്. കൃഷി പൂർണമായും ഇല്ലാതായാൽ നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിലും മാറ്റം വരും. പച്ചക്കറി കൃഷിയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കണം.
തരിശായി കിടക്കുന്ന സ്ഥലമെല്ലാം കൃഷിക്കായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി പ്രസാദ് അധ്യക്ഷനായി.
എച്ച് സലാം എംഎൽഎ, ബാലാവകാശ കമീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ, കൃഷി അഡീഷണൽ ഡയറക്‌ടർ കെ പി സെലീനാമ്മ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, ഡോ. എം രാജീവ്, സി അമ്പിളി, സുജ ഈപ്പൻ, സി പി ദിലീപ്, കെ കമലമ്മ, ബൈരഞ്ജിത്ത്, ഇന്ദിര, എസ് ജ്യോതിമോൾ എന്നിവർ സംസാരിച്ചു.
കൃഷി അഡീഷണൽ ഡയറക്‌ടർ ബീനാമോൾ ആന്റണി പദ്ധതി വിശദീകരിച്ചു. മുതിർന്ന കർഷക വിജയ കാർത്തികയെ മന്ത്രി ഒ ആർ കേളു ആദരിച്ചു.